Site iconSite icon Janayugom Online

ആബെയുടെ കൊലപാതകം; അന്വേഷണത്തിന് 90 അംഗ സംഘം

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകം അന്വേഷിക്കുന്നതിനായി 90 അംഗ സംഘത്തിന് രൂപം നൽകി. പൊലീസിലേയും രഹസ്യാന്വേഷണ വിഭാഗത്തിലേയും മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ടതാണ് സംഘം.

കൊലപാതകത്തിന് പിന്നിലെ കാരണവും സുരക്ഷാ വീഴ്ചയും സംഘം അന്വേഷിക്കും. പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ ആയുധങ്ങളെ കുറിച്ചും ആക്രമണത്തിൽ മറ്റു സംഘടനകൾക്ക് പങ്കുണ്ടോയെന്നും സംഘം പരിശോധിക്കും.

പ്രതി യാമാഗാമി തെത്സൂയ ഒരു പ്രത്യേക സംഘത്തോട് എതിർപ്പുണ്ടായിരുന്നെന്നും ആബെ ഇതേ സംഘവുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന പ്രതിയുടെ സംശയവുമാണ് കൊലപാതകത്തിന് പിന്നിലെന്നും ജപ്പാൻ പൊലീസ് പ്രതികരിച്ചു. എന്നാൽ ഈ സംഘം ഏതെന്ന് വ്യക്തമാക്കിയില്ല.

ആബെയുടെ മൃതദേഹം യാരെ മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ടോക്യോയിലെ വസതിയിലേക്ക് മാറ്റി. ഹൃദയത്തിനേറ്റ വെടിയും അമിത രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് ആബേയുടെ സംസ്കാരം.

നരാ പട്ടണത്തിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ഇന്നലെ പ്രസംഗിച്ച് കൊണ്ടിരിക്കെ പിന്നിലൂടെ എത്തിയ അക്രമി ആബേയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച ഷിൻസോ ആബേയുടെ മരണം ഏഴ് മണിക്കൂറിന് ശേഷമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

Eng­lish summary;Abe’s Assas­si­na­tion; 90 mem­ber team for investigation

You may also like this video;

Exit mobile version