Site iconSite icon Janayugom Online

അഭയം

അന്ന് ഒരു അവധി ദിവസമായിരുന്നു. പൊതുവേ മടിയനായിരുന്ന ബാലുവിന് പത്രം വായനയും ടിവി കാണലുമായി ദിവസം മുഴുവൻ തള്ളിനീക്കാൻ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. അലസ നിമിഷങ്ങൾ ആസ്വദിക്കാൻ വളരെ ഇഷ്ടമായതുകൊണ്ട് ചെറുപ്പത്തിലെ പണിഞ്ഞ ചാരുകസേരയിൽ കിടന്ന് അഗാധമായ വായനയിൽ മുഴുകിയപ്പോഴാണ് താഴെ നിന്നും ഭാര്യയുടെ ഉച്ചത്തിലുള്ള കലമ്പൽ കേട്ടത്. ‘ഇന്നും ചാരികിടന്ന് നേരമ്പോക്കിക്കോ. വീട്ടിലെ ഒരു പണിയും ചെയ്യരുത്. എല്ലാം ചെയ്യാൻ ഞാനൊരുത്തി ഇവിടെ ഉണ്ടല്ലോ. ഞാനിങ്ങനെ ഇവിടെ കിടന്നു നരകിച്ചോളാം. വല്ലാത്തൊരു വിധിയാണ് എന്റേത്. ഈ വീടൊന്ന് അടിച്ചുവാരി തൂത്തിട്ട് എത്ര ദിവസമായി. മുഴുവൻ മാറാല പിടിച്ചു കിടക്കുന്നു. അതെങ്കിലും ഒന്ന് അടിച്ചു വൃത്തിയാക്കു, മനുഷ്യാ.” ഇങ്ങനെ പോകുന്നു അവളുടെ പാരാപുരങ്ങൾ. അവൾ പറയുന്നത് ശരിയാണ്. വീട്ടു പണിയെടുത്ത് നടുവൊടിഞ്ഞു വയ്യാണ്ടായിട്ടാണ് അവൾ ഇങ്ങനെയൊക്കെ പറയുന്നത്. എന്ത് ചെയ്യാൻ. ഇതൊന്നും കേട്ടാൽ അയാൾക്കുണ്ടോ വല്ല കുലുക്കവും. 

പാലം കുലുങ്ങിയാലും കേളൻ കുലുങ്ങൂല്ല എന്ന മട്ടാണ് അയാൾക്ക്. അവിടെ കിടന്നുകൊണ്ട് അയാൾ ചുറ്റിനും നോക്കി. ശരിയാണ് അവൾ പറയുന്നത്. മുറിയാകെ പൊടിപിടിച്ച് അലങ്കോലമായിരിക്കുന്നു. മുക്കിനും മൂലയിലും ചിലന്തി വല കെട്ടി സസുഖം വാഴുന്നു. ഒരു ദിവസം അവധി കിട്ടുന്നതാണ്. അന്നിനി ഈ പണി മുഴുവനും ചെയ്യാൻ വയ്യ. അയാളുടെ ജനിറ്റിക്സ് അയാളെ വല്ലാതെ വേട്ടയാടി. ആരെയെങ്കിലും ജോലിക്കാരെ കിട്ടുമോ എന്ന് നോക്കാം അയാൾ മനസ്സിൽ ഓർത്തു. സഹപ്രവർത്തകനായ ജോയ് ആണ് പറഞ്ഞത്. അവന്റെ വീട്ടിൽ ജോലിക്ക് വരുന്ന ഒരു സ്ത്രീയുണ്ട്. ഒരു ദിവസം കൊണ്ട് വീട് മുഴുവൻ അടിച്ചുവാരി തുടച്ചു വൃത്തിയാക്കും. പിന്നെ അത്യാവശ്യം കുറച്ചു പുറം പണികളും ചെയ്യും. രണ്ടുനേരം ആഹാരവും ആയിരം രൂപയുമാണ് കൂലി. പിന്നെ ഒന്നും ആലോചിച്ചില്ല അവർ വരാൻ പറയുക തന്നെ. അടുത്ത അവധി ദിവസം അവർ വന്നു. പേര് രാജമ്മ. 50 വയസിന് മേൽ പ്രായം വരും. നല്ല ആരോഗ്യമുള്ള ശരീരം. പ്രസന്ന ഭാവം. ആദ്യമായാണ് കാണുന്നതെങ്കിലും വന്ന ഉടനെ ഒത്തിരി നാൾ പരിചയമുള്ള ഒരാളിനെ പോലെ സംസാരം തുടങ്ങി. ചെയ്യേണ്ട ജോലി എല്ലാം പറഞ്ഞു കൊടുത്തു. നിമിഷനേരം കൊണ്ട് പണി തുടങ്ങി. ഒരു മുഷിവും കൂടാതെ പറഞ്ഞ പണിയെല്ലാം ചെയ്യുന്നുണ്ട്. ഒറ്റ കുഴപ്പമേയുള്ളൂ. വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കും. 

ആദ്യമായി വീട്ടിൽ വരുന്നതുകൊണ്ട് ജോലിയൊക്കെ പറഞ്ഞും കാണിച്ചും കൊടുത്തു കൂടെ നിൽക്കേണ്ടി വന്നു. കൂടെ നിൽക്കുന്ന സമയത്തെല്ലാം അവർ ഓരോ കഥകൾ പറഞ്ഞുകൊണ്ടിരുന്നു. കൂടുതലും അവർ മുമ്പ് ജോലി ചെയ്ത വീട്ടിലെ കഥകൾ, അവിടുത്തെ ആളുകളുടെ സ്വഭാവങ്ങൾ, അവരുടെ പെരുമാറ്റം, കൊടുക്കുന്ന കൂലി അങ്ങനെ ഓരോന്നോരോന്ന് പറഞ്ഞു കൊണ്ടിരുന്നു. ആദ്യമൊക്കെ ശ്രദ്ധിച്ചില്ലെങ്കിലും നിർത്താതെയുള്ള അവരുടെ സംസാരം കുറച്ചൊക്കെ കേൾക്കാതിരിക്കാൻ ആർക്കും പറ്റില്ല. അങ്ങനെ ശ്രദ്ധിച്ചപ്പോഴാണ് മനസിലായത്. അവർ കൂടുതലും നല്ല കാര്യങ്ങളാണ് പറയുന്നത്. ആരുടെയും കുറ്റങ്ങൾ അധികം പറയുന്നത് കേട്ടില്ല. മറ്റുള്ളവരെ കുറിച്ച് നല്ലത് മാത്രം പറയുന്ന ജോലിക്കാരിയോ. കൊള്ളാമല്ലോ. അയാളോർത്തു. ‘ഇവർ ആളു കൊള്ളാം. ജോലിയൊക്കെ നല്ലവണ്ണം ചെയ്യുന്നുണ്ട്. ചെയ്യുന്ന ജോലിക്ക് നല്ല വൃത്തിയും ഉണ്ട്. ഇനി ഇടയ്ക്കൊക്കെ നമുക്ക് ഇവരെ തന്നെ വിളിക്കാം. ഉച്ചയ്ക്കുശേഷം പുറം പണി കുറച്ച് ചെയ്യിപ്പിക്കാം. അവരോട് ഭക്ഷണം കഴിക്കാൻ വരാൻ പറയൂ.’ ഭാര്യയുടെ ഈ വാക്കുകൾ വലിയ ആശ്വാസമാണ് അയാളിൽ ഉണ്ടാക്കിയത്. അവസാനം പ്രശംസാർഹമായ ഒരു കാര്യം താൻ ചെയ്തിരിക്കുന്നു. ഇതെല്ലാം ഈ പുതിയ ജോലിക്കാരി കാരണമാണ്. അവരോട് ഒരു ബഹുമാനം തോന്നി. അതുകൊണ്ടുതന്നെ അവരുടെ കഥ അറിയണമെന്ന ഒരു ആകാംക്ഷയും. 

”നിങ്ങളെക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ. വീട്ടിൽ ആരൊക്കെയുണ്ട്. എന്താണ് ഈ പണിക്ക് വരാൻ കാരണം?” ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അവരോട് ചോദിച്ചു. ‘ഒന്നും പറയേണ്ട സാറേ. ജീവിക്കണ്ടേ. ഭർത്താവ് ഉണ്ടായിരുന്നത് കുടിച്ചു കുടിച്ചു മരിച്ചു. രണ്ട് പെൺമക്കളാ. അതിലൊന്നിനെ ഒരുത്തന്റെ കൂടെ പറഞ്ഞയച്ചു. എങ്കിലും അവളും ഭർത്താവും വീട്ടിലുണ്ട്. അവളുടെ ഭർത്താവിന് ജോലിക്ക് പോകാൻ വലിയ മടിയാ. പോയാലും വീട്ടിലൊന്നും കൊണ്ട് വരത്തില്ല. അവന്റെ ചെലവിനെ തികയത്തുള്ളൂ. ഇളയ ഒരു കൊച്ചിനെ കെട്ടിച്ച് അയയ്ക്കാൻ ഉണ്ട്. പിന്നെ വീട്ടിൽ രണ്ട് അമ്മമാരും ഉണ്ട്. ഞാനും മോളും ഈ ജോലിക്ക് പോയാ ഇപ്പൊ കഴിയുന്നത്. ഈ ജോലിക്ക് ഇപ്പം നല്ല കാശ് കിട്ടുന്നുണ്ട്. രണ്ടുനേരം ഭക്ഷണവും കിട്ടും. അതുകൊണ്ട് ദൈവത്തോട് നന്ദി പറഞ്ഞു കഴിഞ്ഞുപോകുന്നു. ആ ഇങ്ങനെയൊക്കെ അങ്ങ് കഴിഞ്ഞാൽ മതിയായിരുന്നു. ആപത്തൊന്നും വരാതിരുന്നെങ്കിൽ നന്ന്. വന്നുപോയാൽ എന്ത് ചെയ്യും.’ അവരുടെ കഥകൾ കേട്ടപ്പോൾ വല്ലാതെ ഉള്ളുലഞ്ഞു. ഓരോരുത്തരും ജീവിക്കാൻ എന്തൊക്കെ പാടാണ് പെടുന്നത്. ‘രണ്ട് അമ്മമാർ ഉണ്ടെന്നു പറഞ്ഞത് നിങ്ങടെ അമ്മയും ഭർത്താവിന്റെ അമ്മയും ആണോ?” അവർ പറഞ്ഞ കഥയിൽ സംശയം തോന്നിയ കാര്യം ഒരു വ്യക്തതക്കുവേണ്ടി ഒന്നൂടെ ചോദിച്ചു. 

”അല്ല സാറേ, ഭർത്താവിന്റെ അമ്മ നേരത്തെ മരിച്ചു പോയി. ഒന്ന് എന്റെ അമ്മയും മറ്റൊന്ന് കളഞ്ഞു കിട്ടിയ അമ്മയും.” ”കളഞ്ഞു കിട്ടിയ അമ്മയോ?” അയാൾ ആശ്ചര്യത്തോടെ അവരെ നോക്കി. അതൊരു വലിയ കഥയാണ് സാറേ, ആഴ്ചയിൽ മിക്ക ദിവസവും എനിക്ക് ജോലി കാണും. ജോലി ഇല്ലാത്ത ദിവസം അമ്പലങ്ങളിൽ പോകും. ദൈവങ്ങൾ മാത്രമാണല്ലോ പാപങ്ങൾക്കൊരു തുണ. പിന്നെ അന്നദാനവും മറ്റു വിശേഷങ്ങൾ ഒക്കെയും ഉണ്ടെങ്കിൽ അമ്പലത്തിൽ നിന്നും ഭക്ഷണം കിട്ടും. അന്നത്തെ വിശപ്പ് അങ്ങനെ മാറി കിട്ടും. കഴിഞ്ഞ മാസം ദൂരെയൊരു അമ്പലത്തിൽ പോയി. അന്നാണ് എനിക്ക് ഒരു അമ്മയെ കൂടി കിട്ടിയത്. ഓർമ്മ തീരെ നശിച്ച പോയ ഒരു അമ്മ. കാഴ്ചയുടെ കാര്യവും കഷ്ടമാണ്. കേൾവിക്കുറവും ഉണ്ട്. പേര് പോലും അവർക്ക് ഓർമ്മയില്ല. അവിടെ ഒരു മരച്ചുവട്ടിൽ ഇരുന്ന് കരയുന്നത് കണ്ടാണ് ഞാൻ അവരോട് കാര്യം തിരക്കിയത്. സ്വന്തം മകനോടൊപ്പം എങ്ങോട്ടോ യാത്ര പുറപ്പെട്ടതാണ് എന്ന് മാത്രം അറിയാം. ഇവിടെ വന്ന് ആൾക്കൂട്ടത്തിനിടയിൽ അവനെ കാണാതെയായി. തെരഞ്ഞു കണ്ടു പിടിക്കാൻ അവർക്ക് കഴിയില്ല. മകൻ വരുമെന്ന പ്രതീക്ഷയിൽ ഇരിക്കുകയാണ് അവരവിടെ. 

മൂന്ന് ദിവസമായി അവർ ഇവിടെ ഇരിക്കുന്നു. അവൻ ഇനി വരില്ല. കൊണ്ട് കളഞ്ഞതായിരിക്കാനാ സാധ്യത.” അവിടെ കച്ചവടം ചെയ്യുന്ന ഒരാളാണ് പറഞ്ഞത്. ”ആ അമ്മയുടെ നിസ്സഹായത കണ്ടപ്പോൾ അവരെ അവിടെ ഉപേക്ഷിച്ചു വരാൻ തോന്നിയില്ല. കൂടെ കൂട്ടിക്കൊണ്ടു പോന്നു. വീട്ടിലൊട്ടും നിവൃത്തി ഉണ്ടായിട്ടല്ല. പട്ടിണിയായാലും വേണ്ടില്ല. അവർക്ക് ഒരു അഭയം ആകുമല്ലോ.” അവരുടെ ആ വാക്കുകൾ അയാളുടെ മനസ്സിൽ വല്ലാത്തൊരു തീ കോരിയിട്ടു. അവർ ഭക്ഷണം കഴിഞ്ഞ് പുറം പണികൾ ചെയ്യാനായി പോയി. ബാലു നേരെ തന്റെ ചാരുകസേരയിൽ അമർന്നു. ഭീതിയും വേദനയും ജനിപ്പിക്കുന്ന ആയിരം ചിന്തകൾ അയാളുടെ മനസിനെ ഭ്രാന്ത് പിടിപ്പിച്ചു.
കഴിഞ്ഞ മാസമാണ് താനും അമ്മയുമായി ആ യാത്ര പോയത്. അങ്ങ് ദൂരെയുള്ള ആ ക്ഷേത്രത്തിലേക്ക്. ദിവസവും ആയിരക്കണക്കിന് ആളുകൾ വന്നു പോകുന്ന തിരക്കുള്ള അമ്പലം തന്നെ തിരഞ്ഞെടുത്തതിൽ അയാൾക്ക് വ്യക്തമായ ഉദ്ദേശ്യം ഉണ്ടായിരുന്നു.
കുറച്ചുനാളായി അമ്മ ഒരു ബാധ്യതയായി മാറിയിട്ട്. അമ്മയ്ക്ക് 85 വയസായി. കാഴ്ചയും കേൾവിയും ഓർമ്മയും നശിച്ച അമ്മ പറയുന്നതും ചെയ്യുന്നതും ഒന്നും അവർക്ക് തന്നെ അറിയില്ല. വീട്ടിൽ ആകെ കലഹവും സംഘർഷവും. അവർ ചെയ്യുന്ന ഒരോ കാര്യങ്ങൾക്കും നൂറു പഴികളാണ് അയാൾ കേൾക്കേണ്ടിവരുന്നത്. സ്വസ്ഥതയും സമാധാനവും നഷ്ടപ്പെട്ട പകലുകളും രാത്രികളും. അമ്മയെ എങ്ങനെയെങ്കിലും ഒഴിവാക്കണം. ഒരുപാട് അന്വേഷിച്ചതിലാണ് ഈ അമ്പലത്തെ കുറിച്ച് അറിഞ്ഞത്. 

അവിടെ ഇങ്ങനെ ഒട്ടനവധി പേരെ ഉപേക്ഷിക്കുന്നുണ്ടത്രേ. അങ്ങനെ ഉപേക്ഷിക്കപ്പെടുന്നവരെ നോക്കാൻ അവിടെ ഒരു സത്രമുണ്ട്. മനുഷ്യസ്നേഹികളായ കുറെ പേർ ചേർന്ന് നടത്തുന്ന സത്രം. ആരോരുമില്ലാത്തവർക്ക് അഭയം നൽകുന്നയിടം. ഒടുവിൽ അയാൾ ആ കഠിനമായ തീരുമാനമെടുത്തു. അങ്ങനെയാണ് ആ യാത്ര പ്ലാൻ ചെയ്തത്. ആൾക്കൂട്ടത്തിനിടയിൽ അവരെ തനിച്ചാക്കി തിരിഞ്ഞു നടക്കുമ്പോൾ ഉള്ളിൽ കുത്തിവലിക്കുന്ന വേദനയുണ്ടായിരുന്നു. മനസ് വല്ലാതെ അശാന്തമായിരുന്നു. പക്ഷേ എന്ത് ചെയ്യാം മനസമാധാനം കിട്ടാൻ ഇതാണ് നല്ല വഴി എന്നുറച്ചാണ് ആ തീരുമാനം നടപ്പിലാക്കിയത്. അങ്ങനെ ഓരോന്നോർത്ത് ഉറക്കത്തിലേക്ക് വഴുതി വീണതയാൾ അറിഞ്ഞില്ല. ഉണർന്നപ്പോഴേക്കും ജോലിക്കാരി തന്റെ ജോലിയെല്ലാം തീർത്തു പോയി കഴിഞ്ഞിരുന്നു. ഭാര്യക്ക് അവരെ നന്നായി ബോധിച്ചു. ഇനിയും അവരെ തന്നെ വിളിച്ചാൽ മതിയെന്ന് അവൾ ഉറപ്പിച്ചു പറഞ്ഞു. മനസമാധാനം നഷ്ടപ്പെട്ട ആ രാത്രിയിൽ അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. തിരിഞ്ഞും പിരിഞ്ഞും കിടന്നു നേരം വെളുപ്പിക്കുമ്പോഴേക്കും പാപബോധം അയാളുടെ മനസ്സിനെ വല്ലാതെ വേട്ടയാടി. 

തളർന്ന മനസ്സും വിറങ്ങലിച്ച ശരീരവുമായി അയാളിറങ്ങി. സുഹൃത്തായ ജോയിയോട് ചോദിച്ച് അവർ താമസിക്കുന്ന സ്ഥലം മനസിലാക്കി. ആ സ്ഥലത്ത് അന്വേഷിച്ചതിൽ രാജമ്മയുടെ വീട് എല്ലാവർക്കും അറിയാം. പൊട്ടിപ്പൊളിഞ്ഞ ചുവർ തേക്കാത്ത ഒരു പഴയ വീട്. വീടിന്റെ മുറ്റത്തു തന്നെ അവർ നിൽപ്പുണ്ടായിരുന്നു. അയാളെ കണ്ടപ്പോൾ അന്താളിപ്പോടെ അവർ ഓടി വന്നു. ”എന്താണ് സാറേ, എന്തിനാണ് വീട്ടിൽ വന്നത്?” ഏറെ സംശയങ്ങൾ അവരുടെ മനസിലൂടെ മിന്നിമായുന്നത് പോലെ തോന്നി. അവരോട് ഒന്നും പറയാൻ നിന്നില്ല. ഒറ്റ ചോദ്യം മാത്രം ചോദിച്ചു.
”എവിടെ, എവിടെ ആ അമ്മ?” വീട്ടിനുള്ളിൽ അവർ ചൂണ്ടിയിടത്തേക്ക് ഓടിചെന്നു. വൃദ്ധയായ രണ്ട് സ്ത്രീകൾ അവിടെ ഇരിപ്പുണ്ടായിരുന്നു. അയാൾ സൂക്ഷിച്ചു നോക്കി. അല്ല. അത് തന്റെ അമ്മയല്ല. വേറെ ആരോ ഉപേക്ഷിച്ച ആരുടെയോ അമ്മ ആയിരുന്നു അത്.

Exit mobile version