മത്സരം തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ ഒരു വർണ്ണക്കുട വേഗത്തിൽ നിർമിച്ച മൂന്നാം ക്ലാസുകാരൻ അഭിനവിനു രണ്ടാമത്തെ കുട നിർമാണം പൂർത്തിയാക്കാനായില്ല. കമ്പികളിൽ നൂല് കെട്ടാൻ പല തവണ ശ്രമിച്ചിട്ടും സാധിച്ചില്ല. സമയം പോകുന്നതിനനുസരിച്ചു സങ്കടം കൂടി കൂടി വന്നു.
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സ്പെഷ്യൽ സ്കൂൾ പ്രവർത്തി പരിചയ മേളയിൽ കുട നിർമ്മാണത്തിൽ യുപി വിഭാഗം മത്സരത്തിൽ പാലക്കാട് എച്ച്കെസിഎംഎം സ്പെഷ്യൽ സ്കൂളിലെ കാഴ്ച പരിമിതിയുള്ള ആർ അഭിനവാണ് നൊമ്പരക്കാഴ്ചയായത്. സഹായത്തിനായി നിന്ന അധ്യാപകർ ആത്മവിശ്വാസം നൽകിയെങ്കിലും കരച്ചിലിലേക്ക് വഴിമാറാൻ ഏറെ സമയം വേണ്ടി വന്നില്ല. എന്നാലും മത്സരത്തിൽ നിന്നും പിന്മാറില്ലെന്ന ഉറപ്പിൽ പിന്നീടുള്ള ഒന്നര മണിക്കൂർ അഭിനവ് കരഞ്ഞു കൊണ്ട് തന്നെ കുട നിർമാണം പൂർത്തിയാക്കാൻ ശ്രമിച്ചത് അവിടെ കൂടി നിന്ന എല്ലാവരെയും അത്ഭുതപ്പെടുത്തി.