യൂത്ത് കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ രാഹുൽ മാങ്കൂട്ടത്തിനെ ചൊല്ലി പോര് രൂക്ഷം. രാഹുലിനെതിരായ വിവാദങ്ങൾ പിന്നിൽ അബിൻ വർക്കി ആണെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. ഇതോടെ ചർച്ചകൾ വിലക്കി ഗ്രൂപ്പ് അഡ്മിൻ ഓൺലി ആക്കി. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഒന്നിലെറെ യുവതികൾ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരിപ്പോര് ശക്തമായത്.
അബിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ബാഹുബലി സിനിമയിലെ ക്ലൈമാക്സ് രംഗത്തിലെ ചിത്രമുള്ള പോസ്റ്റർ സംസ്ഥാന കമ്മിറ്റി ഗ്രൂപ്പിലിട്ടാണ് രാഹുൽ അനുകൂലികളുടെ പ്രതിഷേധം.
ഒപ്പം കട്ടപ്പമാരെ നിര്‍ത്തിക്കൊണ്ട് സംഘടനയ്ക്ക് മുന്നോട്ടു പോകാനാകില്ലെന്ന് എ ഗ്രൂപ്പ് നേതാക്കൾ ആരോപിക്കുന്നു. പിന്നില്‍ നിന്ന് കുത്തിയിട്ട് നേതാവാകാന്‍ നോക്കിയാല്‍ അംഗീകരിക്കില്ലെന്ന് രാഹുലിനെ അനുകൂലിക്കുന്നവർ പറഞ്ഞതോടെ വാട്സ്അപ്പിൽ തർക്കം മൂത്തു. രാഹുൽ പദവിയിൽ തുടരരുതെന്ന് പരസ്യമായി ആവശ്യപ്പെട്ട സ്ത്രീപക്ഷ നിലപാട് സ്വീകരിച്ച യുവനേതാക്കൾക്ക് നേരെ രൂക്ഷമായ അധിക്ഷേപവും ആക്രമണവുമാണ് ഉണ്ടായത്. ഒറ്റതിരിഞ്ഞ് ഇവരെ ആക്രമിച്ചപ്പോൾ ചിലർ മൗനം പാലിക്കുകയും ചിലർ പ്രതിരോധവുമായി രംഗത്ത് വരികയുമായിരുന്നു. മണിക്കൂറുകളുടെ ഇടവേളകളിൽ പാലക്കാട് എംഎൽഎ രാഹുലിനെതിരെ ഒന്നിലേറെ യുവതികൾ വിവിധ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളുടെ ഗ്രൂപ്പിൽ തമ്മിലടിയും ചേരിപ്പോരും നടന്നിരിക്കുന്നത്.

