Site iconSite icon Janayugom Online

മുസ്ലിം സംവരണം റദ്ദാക്കിയ നടപടി അപക്വം: സുപ്രീം കോടതി

കര്‍ണാടകയില്‍ നിലവിലുണ്ടായിരുന്ന നാലുശതമാനം മുസ്ലിം സംവരണം റദ്ദാക്കിയ കര്‍ണാടക സര്‍ക്കാര്‍ നടപടി അപക്വമെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതെന്നും സുപ്രീം കോടതി. സര്‍ക്കാര്‍ നടപടിയില്‍ തെറ്റ് പറ്റിയെന്ന സംശയം കോടതി പ്രകടിപ്പിച്ചു. വിശദമായ പഠനം നടത്താതെയാണോ തീരുമാനം എടുത്തതെന്ന നിരീക്ഷണവും ജസ്റ്റിസ് കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നടത്തി. മുസ്ലിം സംവരണം റദ്ദാക്കാനുള്ള കാരണങ്ങള്‍ തെളിവ് സഹിതം ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി.
കഴിഞ്ഞ മാസം 27നാണ് കര്‍ണാടകയില്‍ ജോലിക്കും വിദ്യാഭ്യാസത്തിനും മുസ്ലിം സമുദായത്തിന് നല്കിയിരുന്ന നാല് ശതമാനം സംവരണം ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയത്. സംവരണം റദ്ദാക്കിയ നടപടിയിലുടെ വലിയൊരു ജനവിഭാഗത്തിന്റെ അവസരം നഷ്ടമായെന്ന് നീരിക്ഷിച്ച കോടതി, റദ്ദാക്കല്‍ അസാധുവാക്കാന്‍ നിര്‍ബന്ധിക്കരുതെന്നും വ്യക്തമാക്കി. 

തുടര്‍ന്ന് വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചതായും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.
മുസ്ലിങ്ങള്‍ക്കെതിരായ വിവേചനമാണ് സംവരണം റദ്ദാക്കിയ നടപടിയില്‍ പ്രകടമാകുന്നതെന്ന് ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കര്‍ണാടകയിലെ 13 ശതമാനം ജനങ്ങള്‍ മുസ്ലിങ്ങളാണ്. ഒരു വിധത്തിലുള്ള പഠനവും നടത്താതെയാണ് സര്‍ക്കാര്‍ സംവരണം റദ്ദാക്കിയത്. സര്‍ക്കാരിന്റെ നടപടിയെ ന്യായീകരിക്കുന്ന യാതൊരു കണക്കുകളും ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.
സുപ്രീം കോടതിയുടെ 1992ലെ ഉത്തരവ് പ്രകാരം മൊത്തം സംവരണം 50 ശതമാനത്തില്‍ കൂടരുത്. കര്‍ണാടക സര്‍ക്കാര്‍ ഈ പരിധി ലംഘിച്ചോ എന്നും കോടതി പരിശോധിക്കും. അസാധാരണമായ സാഹചര്യത്തിലല്ലാതെ ഈ പരിധി ലംഘിക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഈ മാസം 18ന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും. ലിംഗായത്ത്, വൊക്കലിഗ സമുദായ നേതൃത്വം എന്നിവരുടെ പ്രതികരണവും സുപ്രീംകോടതി തേടിയിട്ടുണ്ട്.

Eng­lish sum­ma­ry: Abo­li­tion of Mus­lim reser­va­tion is imma­ture: Supreme Court

You may also like this video

Exit mobile version