ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസിന് തെളിവുകള്‍ കെെമാറിയ സംഭവത്തില്‍ ഫേസ്ബുക്കിനെതിരെ യുഎസില്‍ പ്രതിഷേധം ശക്തമാകുന്നു.
നിയമവിരുദ്ധമായ ഗര്‍ഭച്ഛിദ്രം അന്വേഷിക്കുന്ന നെബ്രാസ്ക പൊലീസിന് അമ്മയുടേയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും ചാറ്റുകള്‍ ഫേസ്‍ബുക്ക് കെെമാറിയതായാണ് കോടതി രേഖകളിലെ വെളിപ്പെടുത്തല്‍. 41 കാരിയായ സ്ത്രീ 17വയസുള്ള മകള്‍ക്ക് ഗര്‍ഭച്ഛിദ്ര ഗുളികകള്‍ വാങ്ങി നല്‍കുകയും ഭ്രൂണം കുഴിച്ചിടുകയും ചെയ്തതായാണ് കേസ്. നെബ്രാസ്ക നിയമപ്രകാരം, ഒരു സ്ത്രീക്ക് 20 ആഴ്ച പൂര്‍ത്തിയായ ഗർഭം അലസിപ്പിക്കാൻ കഴിയില്ല. പെൺകുട്ടിക്ക് ഏകദേശം 23 ആഴ്ച ഗർഭിണിയായിരിക്കുമ്പോൾ ഗർഭച്ഛിദ്രം നടന്നതായി പൊലീസ് പറയുന്നു. ആറ് ഫോണുകളും ഏഴ് ലാപ്‌ടോപ്പുകളും പിടിച്ചെടുത്ത പൊലീസ് അവരുടെ ചാറ്റുകൾ വെളിപ്പെടുത്താൻ ഫേസ്ബുക്കിനോട് ആവശ്യപ്പെടുകയായിരുന്നു.
രണ്ട് വ്യക്തികള്‍ തമ്മിലുള്ള ചാറ്റുകള്‍, ഫേസ്ബുക്കോ സര്‍ക്കാര്‍ അതോറിറ്റികളോ വായിക്കുന്നതില്‍ നിന്ന് തടയുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫേസ്ബുക്ക് വാഗ്‍ദാനം ചെയ്യുന്നുണ്ട്. നെബ്രാസ്‌ക കോടതി ഉത്തരവിൽ ഗർഭച്ഛിദ്രത്തെ കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും റോയ് വേഴ്സസ് വേഡ് അസാധുവാകുന്നതിന് മുമ്പാണ് കേസ് വന്നതെന്നും ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ പ്രസ്താവനയില്‍ അറിയിച്ചു. പല യുഎസ് സംസ്ഥാനങ്ങളിലും ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാക്കിയതിനാല്‍ ഫേസ്ബുക്കോ മറ്റ് സമൂഹ മാധ്യമങ്ങളുടെ വ്യക്തികളുടെ സ്വകാര്യ സംഭാഷണങ്ങള്‍ വെളിപ്പെടുത്തുന്നത് കൂടുതല്‍ സാധാരണമായേക്കാമെന്ന് അഭിഭാഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
English Summary:Abortion case evidence handover: Protest against Facebook
You may also like this video