Site icon Janayugom Online

ഗര്‍ഭച്ഛിദ്ര വിധി: ആശങ്കാജനകമെന്ന് ലോക നേതാക്കള്‍

ഗർഭച്ഛിദ്രത്തിന് ഭരണഘടനാപരമായ അവകാശമില്ലെന്ന യുഎസ് സുപ്രീം കോടതിയുടെ വിധിക്കെതിരെ വ്യാപക പ്രതിഷേധം. യുഎസ് പ്രസിഡന്റ് ജോ ബെെഡന്‍, വിവിധ ലോകനേതാക്കള്‍, അവകാശ സംഘടനകളും വിധിക്കെതിരെ രംഗത്തെത്തി. രാജ്യത്തിന് ദുഃഖകരമായ ദിവസമാണെന്ന് പ്രസിഡന്റ് ജോ ബെെഡന്‍ പറഞ്ഞു. റോയ് വേഴ്സസ് വേഡ് വിധി അസാധുവാക്കിയതിലൂടെ രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ ആരോഗ്യവും ജീവിതവും ഇപ്പോൾ അപകടത്തിലാണ്. മുമ്പൊരിക്കലും ചെയ്യാത്തതാണ് കോടതി ചെയ്തിരിക്കുന്നത്. നിരവധി അമേരിക്കക്കാരുടെ അടിസ്ഥാനപരമായ ഭരണഘടനാ അവകാശത്തിന്റെ വ്യക്തമായ ലംഘനമാണെന്നും ബെെഡന്‍ പറഞ്ഞു.

പ്രത്യുല്പാദന സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും തുടരുന്നതിനും നീതിന്യായ വകുപ്പ് അക്ഷീണം പ്രവർത്തിക്കുമെന്ന് യുഎസ് അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡ് പ്രസ്താവനയിൽ പറഞ്ഞു. ഗർഭധാരണം അവസാനിപ്പിക്കാൻ ഉപയോഗിക്കുന്ന മൈ ഫെപ്രിസ്റ്റോൺ എന്ന മരുന്നിന്റെ ഉപയോഗത്തിന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിധിയിൽ ആശങ്കയും നിരാശയും ഉണ്ടെന്നും സ്ത്രീകളുടെ അവകാശങ്ങളും ആരോഗ്യ പരിരക്ഷയിലേക്കുള്ള പ്രവേശനവും കുറയ്ക്കുന്നുവെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് അഭിപ്രായപ്പെട്ടു. സ്വന്തം ശരീരത്തിന്മേൽ തീരുമാനമെടുക്കാനുള്ള ഒരു സ്ത്രീയുടെ മൗലികാവകാശം നീക്കം ചെയ്യുന്നത് അവിശ്വാസനീയമാംവിധം അസ്വസ്ഥമാണെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ പ്രതികരിച്ചു. കോടതി വിധി പിന്നോട്ടുള്ള ചുവടുവയ്പാണെന്ന് എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിശേഷിപ്പിച്ചു.

ഒരു സർക്കാരും രാഷ്ട്രീയക്കാരും പുരുഷനും ഒരു സ്ത്രീയോട് അവളുടെ ശരീരം കൊണ്ട് എന്തുചെയ്യാമെന്നും ചെയ്യാൻ കഴിയില്ലെന്നും പറയരുത്. യുഎസിലെ സ്ത്രീകൾ അനുഭവിക്കുന്ന ഭയവും ദേഷ്യവും സങ്കൽപ്പിക്കാൻ കഴിയില്ലെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഗർഭച്ഛിദ്രം എല്ലാ സ്ത്രീകളുടെയും മൗലികാവകാശമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണ്‍ അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള എല്ലാ ഗർഭധാരണങ്ങളിലും പകുതിയോളം അപ്രതീക്ഷിതമാണെന്നും അതിൽ 60 ശതമാനവും ഗർഭച്ഛിദ്രത്തിൽ അവസാനിച്ചേക്കാമെന്നും 2022 ലെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി യുഎൻ ജനസംഖ്യാ ഫണ്ട് സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ പ്രസ്താവന പുറപ്പെടുവിച്ചു. ലോകമെമ്പാടുമുള്ള ഗർഭച്ഛിദ്രങ്ങളിൽ 45 ശതമാനവും സുരക്ഷിതമല്ല, ഇത് മാതൃമരണത്തിനുള്ള പ്രധാന കാരണമായി മാറുന്നുവെന്നും ഏജൻസി വ്യക്തമാക്കുന്നു.

യുഎസില്‍ പ്രതിഷേധം ശക്തം

ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ യുഎസ് നഗരങ്ങള്‍ വ്യാപക പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. വാഷിങ്ടൺ ഡിസിയിലെ സുപ്രീം കോടതിക്ക് പുറത്ത് നടന്ന വലിയ പ്രകടനത്തിന് പുറമേ ന്യൂയോർക്ക് സിറ്റി, ലോസ് ഏഞ്ചൽസ്, ചിക്കാഗോ,ഓസ്റ്റിൻ, ഹൂസ്റ്റൺ, നാഷ്‌വില്ലെ, കൻസാസ് സിറ്റി, ടോപേക്ക, ടാലഹാസി, മിയാമി, ഒക്ലഹോമ, ബോയിസ്, ന്യൂ ഓർലിയൻസ്, ഡിട്രോയിറ്റ് എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ റാലി നടത്തി. ലണ്ടനിലും ബെർലിനിലും വിദേശ രാജ്യങ്ങളിലും ഐക്യദാർഢ്യ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അരിസോണയിൽ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

Eng­lish Sum­ma­ry: Abor­tion ver­dict: World lead­ers say it’s worrying

You may also like this video

Exit mobile version