Site iconSite icon Janayugom Online

രാജ്യത്ത് 25 ശതമാനം പെണ്‍കുട്ടികളും വിവാഹപ്രായത്തിനു മുമ്പേ വിവാഹിതരാകുന്നു

രാജ്യത്തെ 25 ശതമാനം പെണ്‍കുട്ടികളും 15 ശതമാനം ആണ്‍കുട്ടികളും നിയമപരമായ വിവാഹപ്രായത്തിനു മുമ്പുതന്നെ വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. 18 വയസുമുതല്‍ 29 വയസുവരെ പ്രായമുള്ള സ്ത്രീകളില്‍ നാലില്‍ ഒരാളും 21 മുതല്‍ 29 വയസുവരെയുള്ള പുരുഷന്മാരില്‍ 15 ശതമാനവും നിയമപരമായ പ്രായത്തിനു മുമ്പുതന്നെ വിവാഹിതരായി. പശ്ചിമ ബംഗാളിലാണ് നേരത്തെയുള്ള വിവാഹങ്ങളുടെ നിരക്ക് കൂടുതലുള്ളതെന്നും ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍എഫ്എച്ച്എസ്) യുടെ അഞ്ചാമത് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ബംഗാളില്‍ നിയമപരമായ പ്രായത്തിനു മുമ്പേ വിവാഹം കഴിക്കുന്നവരുടെ നിരക്ക് 43 ശതമാനമാണ്. ബിഹാര്‍ (40 ശതമാനം), ത്രിപുര (39 ), ഝാര്‍ഖണ്ഡ് ( 35), ആന്ധ്രാപ്രദേശ് (33) എന്നിങ്ങനെയാണ് തൊട്ടടുത്ത സംസ്ഥാനങ്ങളിലെ കണക്ക്.

അസമില്‍ 31 ശതമാനം പെണ്‍കുട്ടികളും 18 വയസിനു മുമ്പ് തന്നെ വിവാഹിതരാകുന്നു. കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗര്‍ ഹവേലി ആന്റ് ദാമന്‍ ദിയുവില്‍ ഈ നിരക്ക് 28 ശതമാനവും തെലങ്കാനയില്‍ 27 ശതമാനവും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ 25 ശതമാനം വീതവുമാണ്.

നേരത്തെയുള്ള വിവാഹങ്ങള്‍ ഏറ്റവും കുറവ് ലക്ഷദ്വീപിലാണ്, നാല് ശതമാനം. ജമ്മു കശ്മീര്‍, ലഡാക്ക് (ആറ് ശതമാനം വീതം), ഹിമാചല്‍ പ്രദേശ്, ഗോവ, നാഗാലാന്‍ഡ് (ഏഴ് ശതമാനം വീതം) കേരളം, പുതുച്ചേരി (എട്ട് ശതമാനം വീതം) എന്നിങ്ങനെയാണ് കണക്ക്. രാജ്യത്ത് നേരത്തെയുള്ള വിവാഹങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍എഫ്എച്ച്എസിന്റെ നാലാമത് സര്‍വേ റിപ്പോര്‍ട്ടില്‍ നേരത്തെ വിവാഹിതരാകുന്നവരുടെ മൊത്തം കണക്ക് 26.8 ശതമാനം ആയിരുന്നെങ്കില്‍ നിലവിലിത് 23 ശതമാനമായി കുറഞ്ഞു.

അതേസമയം 12 വര്‍ഷമോ അതില്‍ കൂടുതലോ സ്കൂളുകളില്‍ പോയിട്ടുള്ള കുട്ടികള്‍ മറ്റുള്ളവരെ അപേക്ഷിച്ച് വൈകിയാണ് വിവാഹം കഴിക്കുന്നതെന്നും 2019–21 വര്‍ഷങ്ങളിലെ സര്‍വേ രേഖകള്‍ വ്യക്തമാക്കുന്നു. 25 മുതല്‍ 49 വയസുവരെ പ്രായത്തിലുള്ള സ്ത്രീകളുടെ ആദ്യവിവാഹപ്രായം സ്കൂളില്‍ പോകാത്തവരില്‍ 17.1ഉം 12 വര്‍ഷമോ അതില്‍ കൂടുതലോ സ്കൂളുകളില്‍ പോയിട്ടുള്ളവരില്‍ 22.8 വര്‍ഷവുമാണ്.

20 മുതല്‍ 49 വയസുവരെയുള്ള സ്ത്രീകളില്‍ ആദ്യവിവാഹത്തിനുള്ള ശരാശരി പ്രായം 19.2 വര്‍ഷവും 25–49 പ്രായപരിധിക്കിടയിലുള്ള പുരുഷന്മാരിലിത് 24.9ഉം ആണ്. നഗര പ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ ഗ്രാമീണ മേഖലയില്‍ താമസിക്കുന്നവരേക്കാള്‍ വൈകിയാണ് വിവാഹം കഴിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Eng­lish summary;About 25 per cent of girls in the coun­try get mar­ried before the age of marriage

You may also like this video;

Exit mobile version