Site iconSite icon Janayugom Online

പുതിയ രാജ്യസഭാ എംപിമാരില്‍ 40 ശതമാനംപേര്‍ക്കും ക്രിമിനല്‍ കേസുകള്‍

രാജ്യസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരില്‍ 40 ശതമാനത്തിനുമെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 12 പേര്‍ക്കെതിരെ (21 ശതമാനം) ഗുരുതരമായ ക്രിമിനല്‍ കേസുകളാണ് ഉള്ളത്. കൊലപാതകം, കൊലപാതക ശ്രമം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളതെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് റിപ്പോര്‍ട്ട്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 57 രാജ്യസഭാ അംഗങ്ങളില്‍ 23 പേര്‍ക്കെതിരെയും ക്രിമിനല്‍ കുറ്റങ്ങളുണ്ട്. എംപിമാരില്‍ ഒരാള്‍ക്കെതിരെ, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനും കേസ് നിലവിലുണ്ട്. 22 ബിജെപി എംപിമാരില്‍ ഒമ്പത് പേരാണ് തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങളുള്ളതായി വെളിപ്പെടുത്തിയിരിക്കുന്നത്.

കോണ്‍ഗ്രസില്‍ (ഒമ്പത്) നാല് പേര്‍ക്കെതിരെയാണ് കേസുകളുള്ളത്. ടിആര്‍എസ്, ആര്‍ജെഡി രണ്ട് വീതം വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഡിഎംകെ, എഐഎഡിഎംകെ, എസ്‌പി, ശിവസേന ഒന്ന് വീതം എന്നിങ്ങനെയാണ് ക്രിമിനല്‍ കേസുകളുള്ള അംഗങ്ങളുടെ എണ്ണം. ഒരു സ്വതന്ത്ര എംഎല്‍എയ്ക്കെതിരെയും നിലവില്‍ കേസുണ്ട്.

സംസ്ഥാനാടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസുകളുള്ള കൂടുതല്‍ എംപിമാര്‍ ഉത്തര്‍പ്രദേശിലാണ്. 11 പേരില്‍ ആറു പേരും ക്രമിനല്‍ കേസുകളുള്ളതായി വെളിപ്പെടുത്തി. മഹാരാഷ്ട്രയില്‍ നിന്നുള്ള ആറില്‍ നാലുപേര്‍ക്കെതിരെയും തമിഴ്‌നാട്ടില്‍ ആറില്‍ മൂന്ന് പേര്‍ക്കെതിരെയും കേസുകളുണ്ട്.

ബിഹാറില്‍ നിന്നുള്ള അഞ്ച് എംപിമാരില്‍ നാല് പേര്‍ക്കെതിരെയും തെലങ്കാനയില്‍ നിന്നുള്ള രണ്ട് പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ആന്ധ്രാപ്രദേശ് ഒന്ന് (നാല്), ഛത്തീസ്ഗഢ്, (രണ്ട്), രാജസ്ഥാന്‍ (നാല്) ഹരിയാന (രണ്ട്) സംസ്ഥാനങ്ങളില്‍ ഒന്ന് വീതവും എംപിമാരാണ് തങ്ങള്‍ക്കെതിരെ ക്രമിനല്‍ കേസുകളുള്ളതായി വെളിപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish summary;About 40 per cent of the new Rajya Sab­ha MPs have crim­i­nal cas­es against them

You may also like this video;

Exit mobile version