Site iconSite icon Janayugom Online

47 ലക്ഷത്തോളം വിദ്യാർത്ഥികൾ ഒരുമിച്ച് നാളെ സ്കൂളിലേക്ക്

സ്കൂളുകൾ പൂർണമായും തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 47 ലക്ഷത്തോളം വിദ്യാർത്ഥികൾ നാളെ സ്കൂളുകളിലെത്തും. ഒന്ന് മുതൽ പത്ത് വരെ 38 ലക്ഷത്തിൽപരം വിദ്യാർത്ഥികളും ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ ഏഴര ലക്ഷത്തോളം വിദ്യാർത്ഥികളും വൊക്കേഷണൽ ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ അറുപത്തി ആറായിരത്തോളം വിദ്യാർത്ഥികളുമാണുള്ളത്.

ഒരു ലക്ഷത്തി തൊണ്ണൂറ്റിയൊന്നായിരത്തോളം അധ്യാപകരും ഇരുപത്തി രണ്ടായിരത്തോളം അനധ്യാപകരും സ്കൂളുകളിൽ ഉണ്ട്. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ ഒരു ലക്ഷത്തി അമ്പതിയേഴായിരത്തിൽപ്പരം അധ്യാപകരും ഹയർ സെക്കന്‍ഡറിയിൽ മുപ്പത്തിനായിരത്തിൽപ്പരം അധ്യാപകരും വൊക്കേഷണൽ ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ മൂവായിരത്തി തൊള്ളായിരത്തോളം അധ്യാപകരുണ്ട്.

പ്രീപ്രൈമറി സ്കൂളുകളിലും കുട്ടികൾ എത്തുന്നുണ്ട്. പ്രീപ്രൈമറി വിഭാഗത്തിൽ തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ ഓരോ ദിവസവും 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി ഉച്ചവരെ ക്ലാസുകൾ ഉണ്ടാകും. പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം വിതരണം ചെയ്യും.

സ്കൂളുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് പൂര്‍ത്തിയാകും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം എസ്എംവി സ്കൂളിൽ ശുചീകരണ യഞ്ജത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, തിരുവനന്തപുരം ജില്ലാ കളക്ടർ നവജ്യോത് ഖോസ തുടങ്ങിയവർ പങ്കെടുത്തു.

അതേസമയം യൂണിഫോമിൽ കടുംപിടുത്തമില്ലെന്നും ഹാജര്‍ നിർബന്ധമാക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. പാഠഭാഗങ്ങൾ പൂർത്തീകരിക്കുക എന്നത് അധ്യാപകരുടെ ചുമതലയാണ്. അധ്യാപക സംഘടനകളുടെ യോഗത്തിൽ ഇതിനായി അശ്രാന്ത പരിശ്രമം നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾക്ക് സ്കൂളിലേക്ക് എത്താൻ വേണ്ടി യാത്രാ സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

 

Eng­lish Sum­ma­ry: About 47 lakh stu­dents will go to school togeth­er tomorrow
You may like this video also

Exit mobile version