Site iconSite icon Janayugom Online

മൂന്നാം മോഡി സര്‍ക്കാരിന്റെ ഒരുവര്‍ഷം ആയിരത്തോളം വിദ്വേഷ സംഭവങ്ങള്‍; ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശില്‍

നരേന്ദ്ര മോഡി ഭരണത്തിന്റെ മൂന്നാം ഘട്ടത്തിലെ ആദ്യ വര്‍ഷം രാജ്യത്ത് അരങ്ങേറിയത് ആയിരത്തോളം വിദ്വേഷ സംഭവങ്ങള്‍. വിദ്വേഷ കുറ്റകൃത്യം, പ്രസംഗം എന്നിവയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2024 ജൂണ്‍ എഴിനും 25 ജൂണ്‍ ഏഴിനും ഇടയില്‍ 947 വിദ്വേഷ കുറ്റകൃത്യങ്ങളും പ്രസംഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്-ക്വില്‍ ഫൗണ്ടഷന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംഭവങ്ങള്‍ ചേരുമ്പോള്‍ എണ്ണം പിന്നെയും കൂടും. 

345 വിദ്വേഷ പ്രസംഗങ്ങളും 602 വിദ്വേഷ കുറ്റകൃത്യങ്ങളുമാണ് രാജ്യമാകെ നടന്നത്. ഇതിന് ഇരകളായതാവട്ടെ മുസ്ലിം-ക്രിസ്ത്യന്‍ ജനവിഭാഗവും. 174 ശാരീരിക ആക്രമണങ്ങളാണ് മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗത്തിന് നേര്‍ക്കുണ്ടായത്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, 217 എണ്ണം. മഹാരാഷ്ട്ര 101, മധ്യപ്രദേശ് 100, ഉത്തരാഖണ്ഡ് 84 എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. 

ഭീഷണിപ്പെടുത്തല്‍, പീഡനം പട്ടികയില്‍ 398 കേസുകളുണ്ടായി. ഒരു വര്‍ഷത്തിനിടെ 124 ആള്‍ക്കൂട്ട ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 29 മുസ്ലിങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ ഒരു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയത് ഒരു വിദ്വേഷ കുറ്റകൃത്യം മാത്രമായിരുന്നു എന്നതും ശ്രദ്ധേയമാണ്. 

Exit mobile version