വയനാട് ദുരന്തബാധിതർക്ക് സഹായഹസ്തവുമായി ചിത്രകാരന്മാർ ചൊവ്വാഴ്ച്ച രാവിലെ 10 മുതൽ വൈകിട്ടുവരെ കേരളത്തിലുടനീളം ചിത്രരചനയിൽ ഏർപ്പെടും. കേരള ചിത്രകലാ പരിഷത്ത് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ” വയനാടിനൊരു വരത്താങ്ങ് ” എന്ന സന്ദേശവുമായാണ് ചിത്രകാരമാർ ജില്ലാ കേന്ദ്രങ്ങളിൽ ഒത്തുകൂടി തെരുവോര ചിത്ര രചന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആയിരത്തോളം കലാകാരൻമാർ ഈ കൂട്ടായ്മയിൽ അണിചേരുമെന്നാണ് പ്രതീക്ഷ. ചിത്രം വരാക്കുവാൻ അറിയുന്ന ആർക്കുവേണമെങ്കിലും ആവശ്യമായ സജ്ജീകരണങ്ങളുമായി ഇതിൽ പങ്കെടുക്കുവാനും കഴിയും. പേപ്പറിലും ക്യാൻവാസിലും വാട്ടർ കളർ , അക്രിലിക് . തുടങ്ങി ഏത് മീഡിയത്തിൽ വേണമെങ്കിലും കലാസൃഷ്ടികൾ നടത്താം.
ക്യാമ്പിൽ വരക്കുന്ന ചിത്രങ്ങളും കാരിക്കേച്ചറുകളും ആവശ്യക്കാർക്ക് തത്സമയം വിൽപന നടത്തുകയും ആ തുക വയനാട്ടിലെ ദുരിതബാധിതക്കായി ചിലവഴിക്കും. ആദ്യ ഘട്ടമെന്ന നിലയിലാണ് നാളെ പരിപാടി നടക്കുന്നത്. രണ്ടാം ഘട്ടമായി സംസ്ഥാനത്തെ കലാകാരന്മാരിൽ നിന്നുംഅവർ വരച്ച പെയിന്റിങ്ങുകൾ സംഭാവനായി ശേഖരിക്കുകയും ആ ചിത്രങ്ങൾ ഗ്യാലറിയിൽ നിന്നും മാറി ജനങ്ങളുടെ സമീപത്തേക്കിറങ്ങി സാധാരണക്കാർക്ക് പോലും വാങ്ങാൻ കഴിയുന്ന വിലക്ക് വിൽപന നടത്തി 10 ലക്ഷം രൂപ സമാഹരിക്കാനാണ് സംഘടന ലക്ഷ്യമിടുന്നതെന്നും ആ തുകക്ക് വയനാടിന് ഉചിതമായ പദ്ധതിക്കായി ചിലവഴിക്കുമെന്ന് കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് സിറിൾ. പി ജേക്കബ് ജനയുഗത്തോട് പറഞ്ഞു.