Site iconSite icon Janayugom Online

കശ്മീരിന്റെ തെരഞ്ഞെടുപ്പ് ഭൂപടം മാറ്റിവരയ്ക്കുന്നു

ജമ്മു കശ്മീരിന്റെ തെരഞ്ഞെടുപ്പ് ഭൂപടം മാറ്റിവരച്ചുകൊണ്ടുള്ള കരട് റിപ്പോര്‍ട്ടിനെതിരെ രൂക്ഷവിമര്‍ശനം. ഏഴ് പുതിയ നിയമസഭാ മണ്ഡലങ്ങള്‍ രൂപീകരിക്കാനുള്ള നിര്‍ദേശമാണ് ജമ്മു കശ്മീര്‍ ഡിലിമിറ്റേഷന്‍ കമ്മിഷന്‍ നല്‍കിയ രണ്ടാമത് കരട് റിപ്പോര്‍ട്ടിലുള്ളത്. അതോടൊപ്പം മറ്റ് ചില മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ മാറ്റി നിര്‍ണയിക്കാനും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഭരണഘടനാ വിരുദ്ധമാണ് കമ്മിഷന്റെ ശുപാര്‍ശകളെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വിമര്‍ശിച്ചു. ജമ്മു മേഖലയില്‍ ആറും കശ്മീരില്‍ ഒന്നും പുതിയ മണ്ഡലങ്ങള്‍ രൂപീകരിക്കാനാണ് കമ്മിഷന്റെ ശുപാര്‍ശ. കേന്ദ്ര ഭരണ പ്രദേശത്തെ അഞ്ച് ലോക്‌സഭ എംപിമാര്‍ക്ക് കരട് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സിലെ ഫാറൂഖ്, ഹസ്‌നൈല്‍, അക്ബര്‍ ലോനെ എന്നിവരും ബിജെപിയിലെ ജിതേന്ദ്ര സിങ്ങും ജുഗല്‍ കിഷോറുമാണ് ഇവിടെ നിന്നുള്ള എംപിമാര്‍. 

ശ്രീനഗറിലെ എട്ട് അസംബ്ലി മണ്ഡലങ്ങളില്‍ അഞ്ചിന്റെയും അതിര്‍ത്തികള്‍ മാറ്റി നിര്‍ണയിക്കാനാണ് ശുപാര്‍ശ. കശ്മിരി പണ്ഡിറ്റുകള്‍ കൂടുതലുള്ള ഹബ്ബ കദാല്‍ മണ്ഡലം മൂന്നായി വിഭജിക്കണമെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഹിന്ദുക്കള്‍ കൂടുതലുള്ള രജൗരി, പൂഞ്ച് ജില്ലകള്‍ അനന്ത്നാഗ് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുത്തണമെന്നും കരട് റിപ്പോര്‍ട്ടിലുണ്ട്. മുസ്‌ലിം ഭൂരിപക്ഷമുള്ള മണ്ഡലമായിരുന്നു അനന്ത്നാഗ്. പുതിയ മാറ്റങ്ങളോടെ, ജമ്മു കശ്മീരില്‍ ആകെ 90 നിയമസഭാ മണ്ഡലങ്ങളാകും. ജമ്മുവില്‍ 37ല്‍ നിന്ന് 43 ആയും കശ്മീരില്‍ 46ല്‍ നിന്ന് 47 ആയും സീറ്റുകള്‍ വര്‍ധിക്കും. ഇതിന് പുറമെ പാകിസ്ഥാന്‍ അധീന കശ്മീരില്‍ 24 സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍, പട്ടികവര്‍ഗ വിഭാഗത്തിന് ഒമ്പത് സീറ്റുകളും പട്ടികജാതിക്ക് ഏഴ് സീറ്റുകളും സംവരണം ചെയ്യണമെന്ന് കമ്മിഷന്‍ ശുപാര്‍ശ നല്‍കി.

ആദ്യത്തെ കരട് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഉന്നയിച്ച പ്രധാന കാര്യങ്ങളൊന്നും കമ്മിഷന്‍ പരിഗണിച്ചിട്ടില്ലെന്നും ഒരു രാഷ്ട്രീയ തീരുമാനമെന്നതുപോലെയാണ് ശുപാര്‍ശയെ കാണാന്‍ കഴിയുന്നതെന്നും അനന്ത്നാഗ് എംപി ഹസ്‌നെൈന്‍ മസൂദി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഈ റിപ്പോര്‍ട്ട് തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സംഘടനയെന്ന് തെളിയിക്കുന്ന തരത്തിലാണ് കമ്മിഷന്റെ പ്രവര്‍ത്തനമെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) കുറ്റപ്പെടുത്തി. അശാസ്ത്രീയവും നീതിരഹിതവുമാണ് കമ്മിഷന്റെ ശുപാര്‍ശകളെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ ജെ ആന്റ് കെ അപ്‌നി പാര്‍ട്ടി പ്രസ്താവിച്ചു. ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ജനങ്ങളുടെ താല്പര്യങ്ങളുമെല്ലാം അവഗണിച്ചുകൊണ്ടാണ് ശുപാര്‍ശകളെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
എന്നാല്‍, ഭരണഘടനാപരമായി സ്ഥാപിക്കപ്പെട്ട സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയനേതാക്കള്‍ തടസമുണ്ടാക്കരുതെന്ന് കേന്ദ്രമന്ത്രിയും പാനലിലെ സഹ അംഗവുമായ ജിതേന്ദ്ര സിങ് പറഞ്ഞു. കൃത്യമായ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുതന്നെയാണ് ഡിലിമിറ്റേഷന്‍ കമ്മിഷന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം വാദിച്ചു.

ENGLISH SUMMARY:About Kash­mir election
You may also like this video

Exit mobile version