മലയാള കവിതയുടെ ചരിത്രത്തില്‍ രേഖപ്പെടുത്താതെപോയ എഴുത്തുകളെക്കുറിച്ചുള്ള അന്വേഷണവുമായി കേരളപ്പെണ്‍കവികള്‍ കഴിഞ്ഞ എട്ട്, ഒന്‍പത് തീയതികളിൽ തൃശ്ശൂര്‍ ഫൈനാര്‍ട്സ് കോളജില്‍ ഒത്തുകൂടി. സര്‍ഗ്ഗാത്മകതയുടെ സ്വാതന്ത്ര്യോത്സവമായിരുന്നു അത്. പോയറ്റ ഫെസ്റ്റ് 22 എന്ന് പേരുകൊടുത്ത രണ്ടു ദിവസത്തെ പരിപാടിയില്‍ കവിതയും വര്‍ത്തമാനവുമായി നൂറ്റിയന്‍പതോളം വനിതകള്‍ പങ്കെടുത്തു. ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ടീച്ചർക്ക് അഭിവാദ്യങ്ങളർപ്പിച്ചു കൊണ്ടാണ് ആരംഭിച്ചത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിച്ചേർന്ന സ്ത്രീ കവികൾ കൂടിച്ചേരുകയും കവിതകൾ അവതരിപ്പിക്കുകയും ചെയ്തു. മുൻകാല എഴുത്തുകാരികളുടെ കവിതകൾ അവതരിപ്പിക്കുന്ന തായ്മൊഴിക്കരുത്ത് എന്ന പരിപാടിയോടെ തുടങ്ങിയ സമ്മേളനത്തിൽ ഡോ. ജി ഉഷാകുമാരി ആമുഖം അവതരിപ്പിച്ചു.
എം ആർ രാധാമണി, സാവിത്രി രാജീവൻ, വി എം ഗിരിജ, ജ്യോതിബായ് പരിയാടത്ത്, ജ്യോതിലക്ഷ്മി ഉമാമഹേശ്വരൻ, ആശാലത,ഐഷു ഹഷ്ന മുതലായവർ മുൻകാല എഴുത്തുകാരികളുടെ കവിതകൾ ചൊല്ലി. ക്യാമ്പംഗങ്ങളുടെ കവിതാവതരണവും നടന്നു. ‘ഗോത്ര കവിതയിലെ പെൺ ചെത്തങ്ങൾ ’ എന്ന ചർച്ചയിൽ ധന്യ വേങ്ങച്ചേരി, അംബിക പി വി എന്നിവർ വിഷയമവതരിപ്പിച്ചു. അശ്വനി ആർ ജീവൻ, മൃദുലാദേവി, സീന തച്ചങ്ങാട്, മിത്ര നീലിമ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കവിതയും അധികാരവും എന്ന രണ്ടാം ചർച്ചയിൽ ഡോ. സിമിത ലെനീഷ്, ഡോ. നിഷി ജോർജ്ജ്, ഡോ. ഇ എം സുരജ എന്നിവർ പ്രബന്ധമവതരിപ്പിച്ചു. വിജില, വിജയരാജ മല്ലിക, ജ്യോതിബായ് പരിയാടത്ത് എന്നിവർ സംസാരിച്ചു. രണ്ടാം ദിവസം ‘കവിതയും കാഴ്ചയും’ എന്ന വിഷയത്തിലാണ് പ്രബന്ധാവതരണം നടന്നത്. ഡോണ മയൂര, ഡോ. കവിതാ ബാലകൃഷ്ണൻ, ആശാലത എന്നിവർ പ്രബന്ധമവതരിപ്പിച്ചു. ലീല സോളമൻ, പ്രസന്ന ആര്യൻ, സിമിത ലെനീഷ്, ഇ എം സുരജ, വിജയരാജ മല്ലിക മുതലായവർ ചർച്ചയിൽ പങ്കെടുത്തു.
‘കേരളപ്പെൺകവികൾ’ അഥവാ വിമെൻ പോയറ്റ്സ് ഫോറം ഓഫ് കേരള 2019 ലാണ് രൂപീകൃതമായത്. 2019 മാർച്ച് 31ന് കാക്കനാട് കേരളപ്പെൺകവികളുടെ ആദ്യ യോഗം നടന്നു. സാഹിത്യ മേഖലയിൽ നിലനിൽക്കുന്ന ലിംഗാധികാരത്തെ പ്രശ്നവൽക്കരിക്കുകയും സ്ത്രീകളുടെ എഴുത്തിന് നിലനിൽക്കാനും വളരാനുമുള്ള ഇടങ്ങൾ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്ന താല്പര്യത്തിലാണ് ഇത്തരമൊരു കൂട്ടം രൂപപ്പെട്ടത്. സർഗ്ഗാത്മകതയുടെ ഏറ്റക്കുറച്ചിലുകളാണ് സാഹിത്യമേഖലയിൽ വ്യക്തിയുടെ സ്ഥാനങ്ങളെ തീരുമാനിക്കുന്നത് എന്നൊരു പൊതു ധാരണയുണ്ട്. എന്നാൽ എഴുത്ത് പ്രത്യക്ഷപ്പെടുന്ന /വായിക്കപ്പെടുന്ന ഇടവും എഴുത്തുകളും, സാഹിത്യ മേഖലയും അതിലെ പ്രവർത്തനങ്ങളും എന്ന നിലയിൽ മാത്രം വായിച്ചെടുക്കേണ്ടുന്നവയല്ല. എഴുത്തിനെയും എഴുത്തുകാരെയും അത് പ്രവർത്തിക്കുന്ന ഇടത്തേയും സമൂഹത്തിലെ അധികാരഘടനയോട് ബന്ധപ്പെടുത്തി തന്നെ മനസ്സിലാക്കേണ്ടതുണ്ട്.
പല ഭാഷകളിലും ആദ്യകാലസാഹിത്യ ചരിത്രത്തിൽ സ്ത്രീകളുടെ പേരുകൾ തന്നെയില്ല. ഈ അസാന്നിധ്യത്തിനും പിന്നീടുണ്ടാകുന്ന അല്പ പ്രാതിനിധ്യത്തിനും ഈ പ്രാതിനിധ്യങ്ങളുടെ സ്വഭാവത്തിനും അവ വിലയിരുത്തപ്പെട്ട രീതിയ്ക്കുമെല്ലാം ചരിത്രപരമായ കാരണങ്ങളുണ്ട്. എഴുത്തിനാവശ്യമായ സമയം കണ്ടെത്തുക, സ്വസ്ഥമായ സ്ഥലം കണ്ടെത്തുക, തന്റെ എഴുത്തിനെ സ്ഥാനപ്പെടുത്താനവശ്യമായ ഇടപെടലുകൾ നടത്തുക ഇതൊക്കെ പല കാരണങ്ങളാൽ സ്ത്രീകൾക്ക് എളുപ്പമായിരുന്നില്ല. സാഹിത്യ മേഖലയുമായി ബന്ധപ്പെട്ട അധികാരക്കൂട്ടങ്ങൾ ആൺകൂട്ടങ്ങളാണ്.
വിമർശകർ, പ്രസാധകർ,എഡിറ്റർമാർ എന്നതുപോലെ സാഹിത്യ സംഘങ്ങളും ആൺകൂട്ടങ്ങളാണ്. സാഹിത്യത്തിന് മാനദണ്ഡം നിശ്ചയിക്കുന്നത് ഇവരൊക്കെ ചേർന്നാണ്. അതിനാൽ സർഗ്ഗാത്മകതയാൽ മാത്രം നിർമ്മിക്കപ്പെടുന്ന ഇടമായി സാഹിത്യ മേഖലയെ കാണാൻ കഴിയില്ല. സർഗ്ഗാത്മകതയെ നിർമ്മിക്കുന്ന/ പരിപോഷിപ്പിക്കുന്ന സാഹചര്യങ്ങൾ സർഗ്ഗാത്മകതയെ സംബന്ധിച്ച് നിലനിൽക്കുന്ന മാനദണ്ഡങ്ങൾ ഒക്കെ വിശകലനം ചെയ്യേണ്ടതുണ്ട്. സാഹിത്യ ചരിത്രങ്ങളിൽ പരാമർശിക്കപ്പെടാതെ പോയ ധാരാളം സ്ത്രീ കവികൾ ഉണ്ട്. പരാമർശിക്കപ്പെട്ടവർ തന്നെ അർഹമായ വായന കിട്ടാത്തവരാണ്. സോഷ്യൽ മീഡിയകളിലൂടെ ധാരാളം സ്ത്രീകൾ എഴുതാൻ തുടങ്ങിയതോടെ സ്ത്രീകളുടെ എഴുത്തിന് കൂടുതൽ ദൃശ്യതയുണ്ടായിട്ടുണ്ടെങ്കിലും പുതു കവിതയുടെ ചരിത്ര നിർമ്മിതിയിലും നാമമാത്ര പ്രാതിനിധ്യമാണ് പെൺകവികൾക്ക് ലഭിക്കുന്നത്. ഇതിനേക്കുറിച്ചൊക്കെ നിരന്തരം പറഞ്ഞു കൊണ്ട് സാഹിത്യ മേഖലയിൽ ഇടപെടുക എന്നത് പ്രധാനമാണ്. ജീവ ശാസ്ത്രപരമായ സ്ഥിരതയായി സ്ത്രീയെ സ്ഥാനപ്പെടുത്താൻ താല്പര്യമില്ലാത്തതിനാൽ തന്നെ ജെൻഡർ ബൈനറിയിലധിഷ്ഠിതമല്ലാത്ത നിലപാടു സ്വീകരിച്ചു കൊണ്ട് ലിംഗ, ലൈംഗിക ന്യൂനപക്ഷങ്ങളെയും കൂടെ നിർത്താൻ കേരളപ്പെൺ കവികൾ ശ്രദ്ധിക്കുന്നു.
സാഹിത്യ മേഖലയെ സാമൂഹ്യ മേഖലയുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുന്നതിനാൽ തന്നെ സാമൂഹ്യ വിഷയങ്ങളിലുള്ള യോജിപ്പുകളും വിയോജിപ്പുകളും പ്രകടിപ്പിക്കുക എന്നതും പ്രധാനമായി കേരളപ്പെൺകവികൾ കരുതുന്നു. 2019 ഡിസംബർ 21 ന് തൃശൂരിൽ കേരളപ്പെൺകവികൾ ഒരുമിച്ച് ചേർന്ന് ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ ഭേദഗതി ബില്ലിനെതിരെയും പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡ് സാഹചര്യത്തിൽ നേരിട്ടുള്ള കൂടിച്ചേരലുകൾ അസാധ്യമായി തീർന്ന സാഹചര്യത്തിൽ കേരളപ്പെൺകവികളുടെ ഓൺലൈൻ വേദിയായ പോയട്രിയ എന്ന എഫ് ബി പേജിലൂടെയും സാമൂഹ്യ പ്രശ്നങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തി. അരികുവൽക്കരിക്കപ്പെട്ടവർക്കൊപ്പം നിൽക്കുന്ന രാഷ്ട്രീയ നിലപാടാണ് കേരളപ്പെൺകവികളുടേത്. എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള സ്ത്രീകളുടെ ശബ്ദം കേൾപ്പിക്കാനും പ്രാതിനിധ്യമുറപ്പിക്കാനും സാഹിത്യ സാംസ്കാരിക മേഖലകളിൽ നടത്തുന്ന ഓരോ പരിപാടികളിലും കൂട്ടായ്മ ശ്രദ്ധിക്കാറുണ്ട്.