Site iconSite icon Janayugom Online

ഏഴ് ലക്ഷത്തോളം പേർക്ക് തൊഴിൽനഷ്ടം; യുഎസിലുള്ളത് സമാനതകളില്ലാത്ത പ്രതിസന്ധി

ചരിത്രത്തിലെ ഏറ്റവും വലിയ അടച്ചുപൂട്ടൽ നേരിടുന്ന യു.എസ് അഭിമുഖീകരിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. ഒക്ടോബർ ഒന്നിന് തുടങ്ങിയ അടച്ചിടൽ 38ാം ദിവസവും മാറ്റമില്ലാതെ തുടരുകയാണ്. ഷട്ട്ഡൗൺ മൂലം ഏഴ് ല​ക്ഷം പേരാണ് ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്. 670,000 പേർക്ക് തൊഴിൽ നഷ്ടമാവുകയും ചെയ്തു. ലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് അവശ്യസേവനങ്ങൾ പോലും ലഭ്യമാകുന്നില്ല.

ഷട്ട്ഡൗണിൽ ജീവനക്കാരുടെ കുറവ് മൂലം വെള്ളിയാഴ്ച മാത്രം ആയിരക്കണക്കിന് വിമാനസർവീസുകളാണ് റദ്ദാക്കിയത്. നിരവധി വിമാനങ്ങൾ ഇതുമൂലം വൈകുകയും ചെയ്തിരുന്നു. അമേരിക്കയിലെ പ്രധാനപ്പെട്ട 40 വിമാനത്താവളങ്ങളുടേയും പ്രവർത്തനങ്ങൾ ഷട്ട്ഡൗൺ മൂലം താളംതെറ്റിയിരിക്കുകയാണ്. ഇതിന് പുറേമ പാവപ്പെട്ട കുടുംബങ്ങൾക്കായി നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണം യു.എസിൽ താളംതെറ്റിയിരിക്കുകയാണ്. നേരത്തെ യു.എസ് കോടതി ഷട്ട്ഡൗണാണെങ്കിലും പാവപ്പെട്ട കുടുംബങ്ങൾക്കുള്ള ഭക്ഷ്യവിതരണം കാര്യക്ഷമമായി നടത്തണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ പദ്ധതി നിലച്ചമട്ടാണ്.

നാല് കോടി പേരാണ് സപ്ലിമെന്റൽ ന്യൂട്രിഷൻ അസിസ്റ്റന്റ് പ്രോഗ്രാം എന്ന പദ്ധതിയുടെ ഗുണഭോക്താക്കൾ. പദ്ധതി മുടങ്ങിയതോടെ ഇവർ വലിയ പ്രതിസന്ധിയേയാണ് അഭിമുഖികരിക്കുന്നത്. ഇത് ഗുണഭോക്താക്കളെ മാത്രമല്ല പദ്ധതിക്കായി സാധനങ്ങൾ സ്റ്റോർ ചെയ്ത വാൾമാർട്ട് പോലുള്ള ബഹുരാഷ്ട്ര റീടെയിൽ ചെയിനുകളേയും ബാധിച്ചിട്ടുണ്ട്.

Exit mobile version