Site iconSite icon Janayugom Online

സംരംഭകവര്‍ഷം പദ്ധതി വിജയകരമായി മുന്നോട്ട് രണ്ടര വര്‍ഷത്തില്‍ മൂന്ന് ലക്ഷത്തോളം സംരംഭങ്ങള്‍

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആവിഷ്കരിച്ച സംരംഭക വര്‍ഷം പദ്ധതി വിജയകരമായി മുന്നോട്ട്. പദ്ധതി ആരംഭിച്ച് രണ്ടര വര്‍ഷത്തിനിടയില്‍ മൂന്ന് ലക്ഷത്തോളം സംരംഭങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. കേരളത്തിലെ വ്യാവസായിക രംഗം സമാനതകളില്ലാത്ത കുതിപ്പ് തുടരുമ്പോൾ ഇതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന ഒരു പദ്ധതി ഈ സർക്കാരിന്റെ കാലത്താരംഭിച്ച “സംരംഭക വർഷം” ആണെന്നത് അഭിമാനകരമായ കാര്യമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ആരംഭിച്ചവയില്‍ ഒരു ലക്ഷത്തിലധികം സംരംഭങ്ങളും മാനുഫാക്ചറിങ്ങ് മേഖലയിലാണ്. വ്യവസായ നയം ലക്ഷ്യമിടുന്നതുപോലെ നൂതന സാങ്കേതിക വിദ്യയിലൂന്നിയ മാനുഫാക്ചറിങ്ങ് സംരംഭങ്ങളും സംരംഭക വർഷത്തിലൂടെ കേരളത്തിൽ ആരംഭിച്ചു. 

സംരംഭക വർഷം പദ്ധതി 2022ൽ ആരംഭിക്കുമ്പോൾ ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനൊക്കെ കേരളത്തിൽ സാധിക്കുമോ എന്ന സംശയമായിരുന്നു ഉദ്യോഗസ്ഥരുൾപ്പെടെ പ്രകടിപ്പിച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മാധ്യമങ്ങളും മറ്റനവധി പേരും പ്രഖ്യാപനത്തിനപ്പുറം ഈ പദ്ധതി എത്രമാത്രം വിജയകരമാകുമെന്ന ചോദ്യം ഉന്നയിച്ചിരുന്നു. എന്നാൽ ആദ്യ വർഷം മാത്രമല്ല രണ്ടാം വർഷവും ഒരു ലക്ഷം സംരംഭമെന്ന നേട്ടം കേരളം കൈവരിച്ചു. സംരംഭകവർഷം ആരംഭിച്ച് രണ്ടര വർഷമാകുന്ന ഘട്ടത്തിൽ തിങ്കളാഴ്ച വരെയായി 2,92,167 സംരംഭങ്ങൾ കേരളത്തിൽ ആരംഭിച്ചു. ഇതിലൂടെ 18,943.64 കോടി രൂപയുടെ നിക്ഷേപം കേരളത്തിൽ കടന്നുവന്നു. 6,22,512 പേർക്ക് ഈ സംരംഭങ്ങളിലൂടെ തൊഴിൽ ലഭിച്ചു. നമുക്ക് മുന്നേറാം, സർക്കാർ കൂടെയുണ്ടെന്നും മന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version