ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ സമാധാനവും പുരോഗതിയും അഭിവൃദ്ധിയുമുണ്ടായെന്ന കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം, പ്രത്യേക പദവി എടുത്തുമാറ്റി ഭരണഘടനയെ വെല്ലുവിളിക്കുന്നതിനുള്ള അവകാശമല്ലെന്ന് സുപ്രീം കോടതി. വകുപ്പ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹര്‍ജികളില്‍ ഓഗസ്റ്റ് രണ്ടു മുതല്‍ വാദം കേള്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ഈ മാസം 27 നകം ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരാതിയില്‍ ഉയര്‍ത്തിക്കാട്ടുന്ന വിഷയങ്ങളെ സ്വാധീനിക്കുന്നില്ലെന്നും കേസ് തികച്ചും ‘ഭരണഘടനാ വിഷയം’ ആണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. പരാതിക്കാര്‍ക്കു വേണ്ടി അഭിഭാഷകരായ രാജീവ് ധവാൻ, ദുഷ്യന്ത് ദവേ, രാജു രാമചന്ദ്രൻ, ഗോപാല്‍ ശങ്കരനാരായണൻ, സി യു സിങ്, നിത്യ രാമകൃഷ്ണൻ, കാമിനി ജെയ്സ്വാള്‍, വൃന്ദ ഗ്രോവര്‍, പ്രസന്ന എസ് എന്നിവര്‍ ഹാജരായി. അനുച്ഛേദം റദ്ദാക്കിയതിനു ശേഷം ജമ്മുകശ്മീരിനെകുറിച്ച് സര്‍ക്കാരിന്റെ അഭിപ്രായം എന്തായാലും നിയമ വെല്ലുവിളികള്‍ നിലനില്‍ക്കുന്നതായി അവര്‍ വാദിച്ചു.
അതിനിടെ ഐഎഎസ് ഓഫിസര്‍ ഷാ ഫൈസല്‍, മുൻ വിദ്യാര്‍ത്ഥി നേതാവ് ഷെഹ്‍ല റാഷിദ് ഷോരാ എന്നിവര്‍ സുപ്രീം കോടതിക്ക് മുൻപാകെ നല്‍കിയ പരാതികള്‍ പിൻവലിച്ചു. ഇതോടെ പരാതിക്കാരുടെ പട്ടികയില്‍ നിന്നും ഇവരുടെ പേരുകള്‍ കോടതി നീക്കം ചെയ്തു.
അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം 30 വര്‍ഷത്തെ കലാപത്തിന് ശമനമുണ്ടായതായും ജമ്മുകശ്മീരിലെ ജനജീവിതം സാധാരണ നിലയിലായതായും സര്‍ക്കാര്‍ സമര്‍പ്പിച്ച 20 പേജുള്ള സത്യവാങ്മൂലം അവകാശപ്പെടുന്നു. തീവ്രവാദികളും വിഘടനവാദികളും തെരുവുകളില്‍ നടത്തിയിരുന്ന കലാപങ്ങള്‍ പഴങ്കഥയായതായും ആഭ്യന്തര മന്ത്രാലയം പറയുന്നു. 2018ല്‍ 1,767 സംഘടിത കല്ലേറ് സംഭവങ്ങള്‍ ഉണ്ടായിരുന്നത് 2023ല്‍ പൂജ്യമായി മാറിയതായും കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു. ബന്ദ്, ഹര്‍ത്താല്‍ എന്നിവ ഇല്ലാതായതായും തീവ്രവാദ റിക്രൂട്ട്മെന്റ് കേസുകള്‍ 199ല്‍ നിന്നും 12 ആയി കുറഞ്ഞതായും സത്യവാങ്മൂലത്തില്‍ പറയുന്നു. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്.
English Summary: Abrogation of Article 370 has no right for the Center to challenge the Constitution
You may also like this video

