Site iconSite icon Janayugom Online

ചോദ്യം ചെയ്യലിന് ഹാജരായില്ല; മയക്കുമരുന്ന് കേസിൽ നടൻ ശ്രീകാന്തിന് വീണ്ടും സമൻസ് അയച്ച് ഇ ഡി

മയക്കുമരുന്ന് കേസിൽ പ്രതിയായ നടൻ ശ്രീകാന്തിനെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് വീണ്ടും സമൻസ് അയച്ചു. ഒക്ടോബർ 28ന് ഹാജരാകാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും, അസുഖമാണെന്ന് പറഞ്ഞ് ശ്രീകാന്ത് എത്തിയിരുന്നില്ല. തുടർന്നാണ് ഇപ്പോൾ നവംബർ 11ന് ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും സമൻസ് അയച്ചത്.

മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നതായുള്ള പരാതികളെത്തുടർന്നാണ് ഇഡിയുടെ അന്വേഷണം. ശ്രീകാന്തും ഇതേ കേസിൽ പ്രതിയായ നടൻ കൃഷ്ണയും കൊക്കെയ്ൻ വാങ്ങിയതിന് തെളിവു ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റിലായത്. ഇതിൻ്റെ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ പണമിടപാട് വിവരങ്ങളും വിൽപ്പനക്കാരുമായുള്ള മൊബൈൽ സന്ദേശങ്ങളും ഇ ഡി കണ്ടെടുത്തിട്ടുണ്ട്. നടൻ കൃഷ്ണ ഒക്ടോബർ 29ന് ഇ ഡിക്ക് മുന്നിൽ ഹാജരായിരുന്നു. കൊക്കെയ്ൻ കൈവശം വെച്ചതിന് അറസ്റ്റിലായ പ്രദീപ്, ഘാന സ്വദേശി ജോൺ എന്നിവർക്കു പിന്നാലെയാണ് അന്വേഷണം ശ്രീകാന്തിലേക്ക് എത്തുന്നത്. അറസ്റ്റിലായ അണ്ണാ ഡി എം കെ മുൻഅംഗം പ്രസാദാണ് ശ്രീകാന്തിൻ്റെ പേരു വെളിപ്പെടുത്തിയത്.

Exit mobile version