ഇരിട്ടിയിൽ യുവതി വീട്ടിൽ ജീവനൊടുക്കിയതിന് പിന്നിൽ ഭർതൃപീഡനമെന്ന് പരാതി. കേളന്‍പീടിക സ്വദേശി സ്നേഹ(24)യാണ് ഇന്നലെ വൈകിട്ട് ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്റെ പേരിലും കുഞ്ഞിന്റെ നിറം തന്റേതുപോലെയല്ല എന്ന് പറഞ്ഞും ഭർത്താവ് ജിനീഷ് പീഡിപ്പിച്ചിരുന്നതായി സ്നേഹയുടെ ബന്ധുക്കൾ ആരോപിച്ചു. ഭർതൃപീഡനം സംബന്ധിച്ച് സ്നേഹയുടെ ആത്മഹത്യ കുറിപ്പിലും പരാമർശമുണ്ട്.
2020 ജനുവരി 21നായിരുന്നു സ്‌നേഹയുടെയും ജിനീഷിൻറെയും വിവാഹം. ഇരുവര്‍ക്കും മൂന്ന് വയസുള്ള കുഞ്ഞുമുണ്ട്. കുഞ്ഞ് വെളുത്തിട്ടാണെന്നും തന്റെ നിറമല്ലെന്നും പറഞ്ഞ് സ്നേഹയെ ഭര്‍ത്താവ് ക്രൂരമായി മർദ്ദിച്ചിരുന്നു. ഈ മാസം 15ന് ഉളിക്കല്‍ പൊലീസിൽ ജിനീഷിനെതിരെ സ്‌നേഹ പരാതി നല്‍കിയിരുന്നു. ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജിനീഷ് ഫോണില്‍ വിളിച്ച് സ്‌നേഹയെ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തിൽ ജിനീഷിനെ ഇരിട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.

