Site icon Janayugom Online

കേന്ദ്രസര്‍ക്കാരിന്റേത് അധികാരദുര്‍വിനിയോഗം: തുറന്നപോരിന് ട്വിറ്റര്‍

ഉള്ളടക്കത്തിനുമേൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തെ നിയമപരമായി നേരിടാനൊരുങ്ങി ട്വിറ്റര്‍. കേന്ദ്രനിലപാട് അധികാര ദുര്‍വിനിയോഗമാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു.
രാഷ്ട്രീയപ്പാര്‍ട്ടികളുടെ അക്കൗണ്ടുകളില്‍നിന്നുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍ കേന്ദ്രം ആവശ്യപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ട്വീറ്റ് ചെയ്തവര്‍ക്ക് നോട്ടീസ് അയക്കാന്‍ കേന്ദ്രം തയാറായില്ലെന്നും ട്വിറ്റര്‍ കോടതിയെ അറിയിച്ചു. വിഷയത്തില്‍ കേന്ദ്രസർക്കാരുമായി നിരന്തരം ഏറ്റുമുട്ടലുകളുണ്ടാകുന്ന സാഹചര്യത്തിലാണ് അമേരിക്കന്‍ കമ്പനിയുടെ നടപടി.
സര്‍ക്കാരിന്റെ ചില ഉത്തരവുകള്‍ അനുചിതവും നിയമവിരുദ്ധവുമാണെന്ന് ട്വിറ്റര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ട്വിറ്ററിന്റെ നിയമപരമായ നീക്കത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. പുതിയ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ടും ട്വിറ്ററിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയില്‍ നിലവിലുണ്ട്.
സ്വതന്ത്ര സിഖ് രാഷ്ട്രവാദത്തെ പിന്തുണയ്ക്കുന്ന ഹാൻഡിലുകള്‍, കോവിഡ് വ്യാപനത്തിലും കര്‍ഷക സമരവുമായി ബന്ധപ്പെട്ടും കേന്ദ്രസര്‍ക്കാരിനെതിരായ ട്വീറ്റുകള്‍ എന്നിവ നിയന്ത്രിക്കണമെന്ന് കേന്ദ്രസർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. നിരോധനം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ട ചില ഉള്ളടക്കങ്ങളില്‍ ട്വിറ്റര്‍ നടപടിയെടുത്തില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നുണ്ട്.
ഐടി ആക്ട് പ്രകാരം ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നതോ മറ്റ് കാരണങ്ങളാലോ കേന്ദ്ര സര്‍ക്കാരിന് ട്വിറ്ററിനെ ബ്ലോക്ക് ചെയ്യാന്‍ കഴിയും. നിലവില്‍ 2.40 കോടി ട്വിറ്റര്‍ യൂസര്‍മാരാണ് ഇന്ത്യയിലുള്ളത്. ഉത്തരവുകള്‍ പാലിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ മാസം അവസാനം കേന്ദ്ര ഐടി മന്ത്രാലയം ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Eng­lish Sum­ma­ry: cen­tral gov­ern­ment abus­es pow­er: Twit­ter in open war

You may like this video also

Exit mobile version