Site icon Janayugom Online

കര്‍ണാടക മുന്‍ വൈദ്യുതിമന്ത്രി ഡി കെ ശിവകുമാറിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക് രണ്ട് വര്‍ഷം തടവ്

പവര്‍ കട്ടിന്റെ പേരില്‍ കര്‍ണാടക മുന്‍ വൈദ്യുതിമന്ത്രി ഡി കെ ശിവകുമാറിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചു. ബെല്ലാരെയിലെ സായ് ഗിരിധര്‍ റായിക്കാണ് താലൂക്ക് കോടതിയിലെ സീനിയര്‍ സിവില്‍ ജഡ്ജി രണ്ട് വര്‍ഷം തടവും 5,000 രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവ് അനുഭവിക്കണം. വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പ്രതിക്ക് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

2016 ഫെബ്രുവരി 28ന് വൈദ്യുതി മന്ത്രിയായിരിക്കെ ഡി കെ ശിവകുമാറിനെ സായ് ഗിരിധര്‍ റായ് ടെലിഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നാണ് കേസ്. സായ് ഗിരിധര്‍ റായ് ശിവകുമാറിനെ വിളിച്ച് താലൂക്കില്‍ അക്കാലത്ത് നിലനിന്നിരുന്ന അനിയന്ത്രിതമായ പവര്‍കട്ടിന്റെ പേരില്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതി. ശിവകുമാര്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയതോടെ ഗിരിധര്‍ റായിക്കെതിരെ സുള്ള്യ പൊലീസ് കേസെടുത്തു.

സംഭവ ദിവസം രാത്രി തന്നെ ഗിരിധര്‍ റായിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് പൊലീസ് വീടിന് മുകളില്‍ കയറി ഓടുകള്‍ നീക്കി അകത്തുകടന്നാണ് ഗിരിധറിനെ അറസ്റ്റ് ചെയ്തത്. ഈ കേസ് സംസ്ഥാനമൊട്ടാകെ കോളിളക്കം സൃഷ്ടിച്ചിരുന്നു. റായിക്കെതിരെ അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍, സര്‍ക്കാര്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.

സുള്ള്യ പൊലീസ് സ്‌റ്റേഷനിലെ അന്നത്തെ സബ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രശേഖര്‍ എച്ച്വിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ശിവകുമാറിനെയും കേസില്‍ സാക്ഷിയാക്കി. കോടതിയില്‍ ഹാജരാകാത്തതിനാല്‍, ശിവകുമാറിന് സമന്‍സ് അയച്ചിരുന്നു. 2021 ഒക്ടോബര്‍ 5 ന് അദ്ദേഹം കോടതിയില്‍ സാക്ഷി പറയാന്‍ ഹാജരാകുകയും തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാകുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജനാര്‍ദനന്‍ ഹാജരായി.

eng­lish summary;Abusing D K Shiv­aku­mar over phone call — Accused sen­tenced to two years jail

You may also like this video;

Exit mobile version