Site iconSite icon Janayugom Online

ജെഎന്‍യുവില്‍ എബിവിപി അക്രമം

ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല ഹോസ്റ്റലിനു നേരെ എബിവിപി, ആര്‍എസ്എസ് അക്രമം. 16 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടാണ് സര്‍വകലാശാലയിലെ കാവേരി ഹോസ്റ്റലില്‍ മാംസാഹാരം പാകം ചെയ്യരുതെന്നാവശ്യപ്പെട്ട് നാല്പതോളം വരുന്ന സംഘം അക്രമം അഴിച്ചുവിട്ടത്.

വടികള്‍, ഇഷ്ടിക, കല്ലുകള്‍, ട്യൂബ് ലൈറ്റുകള്‍, പൂച്ചട്ടികള്‍ എന്നിവ അക്രമികള്‍ ആയുധമാക്കി. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ അക്തരിസ്റ്റയുടെ തലയ്ക്ക് ഇഷ്ടിക കൊണ്ടുള്ള ഇടിയേറ്റ് ആഴത്തില്‍ മുറിവുണ്ട്. ലൈംഗികാതിക്രമം നടത്താനും എബിവിപിക്കാര്‍ ശ്രമിച്ചുവെന്ന് വിദ്യാര്‍ത്ഥിനികള്‍ കുറ്റപ്പെടുത്തി വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ വിവരമറിയിച്ചതനുസരിച്ച് വസന്ത്കുഞ്ച് സ്റ്റേഷനില്‍ നിന്ന് എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ സ്ഥലത്തെത്തിയെങ്കിലും അക്രമികള്‍ക്കെതിരെ നടപടിയെടുക്കുവാന്‍ തയാറായില്ല.

പിന്നീട് എഐഎസ്എഫ്, എസ്എഫ്ഐ, ഐസ തുടങ്ങിയ ഇടതുവിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് ഇരുവിഭാഗത്തിനുമെതിരെ കേസെടുക്കുകയായിരുന്നു. രാമനവമി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂജ ഇടതുവിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ തടഞ്ഞുവെന്നാരോപിക്കുന്ന പരാതി എബിവിപിക്കാരില്‍ നിന്ന് എഴുതി വാങ്ങിയാണ് ഇടതു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം ജെഎന്‍യുവില്‍ മാംസാഹാര വിതരണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. അക്രമം പ്രോത്സാഹിപ്പിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു.

സിപിഐ പ്രതിഷേധിച്ചു

ന്യൂഡൽഹി: ജെഎൻയുവിലെ വിദ്യാർത്ഥികൾക്കുനേരെ ആർഎസ്എസ്-ബിജെപി-എബിവിപി ഗുണ്ടകൾ നടത്തിയ ക്രൂരവും നിഷ്‌ഠുരവുമായ അക്രമത്തിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. ആർഎസ്എസിന്റെ വിദ്വേഷത്തിന്റെയും രാജ്യത്തിന്റെ വൈവിധ്യത്തിനെതിരായ അവഹേളനത്തിന്റെയും വ്യക്തമായ ഉദാഹരണമാണിത്. ആരെന്ത് ഭക്ഷിക്കണമെന്നും ഏതു വസ്ത്രം ധരിക്കണമെന്നും ഭാഷ സംസാരിക്കണമെന്നും നിഷ്കർഷിക്കുവാനാണ് അവരുടെ ശ്രമം.

മതേതര മൂല്യങ്ങളെയും വിദ്യാർത്ഥികളുടെ സ്വതന്ത്രവും പുരോഗമനപരവുമായ ചിന്തകളെയും തകർക്കുവാനാണ് ആർഎസ് എസ്-ബിജെപി-എബിവിപി കൂട്ടുകെട്ട് ശ്രമിക്കുന്നത്. വിദ്യാർത്ഥിനികളെപ്പോലും ഒഴിവാക്കുന്നില്ല. വിദ്യാർത്ഥികൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ജനവിരുദ്ധ, വിഭജന, ദേശവിരുദ്ധ ശക്തികൾക്ക് മുന്നറിയിപ്പ് നൽകുന്നു. അക്രമത്തിനെതിരെ പ്രതിഷേധിക്കുവാനും സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.

Eng­lish sum­ma­ry; ABVP vio­lence at JNU

You may also like this video;

Exit mobile version