Site iconSite icon Janayugom Online

ചൂടിനൊപ്പം എസി വിപണിയും സജീവമാകുന്നു

സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യം കൂടിവരികയും അടുത്ത ദിവസങ്ങളിലും ചൂട് വർധിക്കുമെന്ന മുന്നറിയിപ്പ് ലഭിക്കുകയും ചെയ്‌തതോടെ എസി (എയർ കണ്ടീഷണർ ) വിപണിയും സജീവമായി. സാധാരണ നഗരങ്ങളിലാണ് എസിക്ക് ആവശ്യക്കാർ ഏറെ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ നഗര‑ഗ്രാമ വ്യത്യാസമില്ലാതെ എസി ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചു. കാലാവസ്ഥയിൽ വന്നിട്ടുള്ള മാറ്റമാണ് ഇതിന് കാരണം. 

നിലവിൽ തിരുവനന്തപുരത്തെ ഉയർന്ന താപനില 34.1°C ഉം കുറഞ്ഞ താപനില 26.4 °C ഉം രേഖപ്പെടുത്തി. പുനലൂർ ഉയർന്ന താപനില 36°C ഉം കുറഞ്ഞ താപനില 20.5°C ഉം ആണ്. പാലക്കാട് ഉയർന്ന താപനില 36.5°C ഉം കുറഞ്ഞ താപനില 27.1°C ഉം രേഖപ്പെടുത്തി. എറണാകുളത്തെ ഉയർന്ന താപനില 35.6°C കുറഞ്ഞ താപനില 24. °C ഉം ആണ്. മറ്റു ജില്ലകളിലും ഒപ്പത്തിനൊപ്പം ചൂട് കൂടുകയാണ്. ഇതോടെ രാത്രികാലങ്ങളിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാണ്‌. പകൽ പല ഓഫിസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെയും ചൂടിന്റെ കാഠിന്യം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 

പതിവിലും നേരെത്തെ ചൂട് കൂടിയതോടെ എസി വിപണിയിലും വില്പന തകൃതിയാണ്‌. മുറികളുടെ വലിപ്പം അനുസരിച്ച് വിവിധ ശേഷികളിലുള്ള എസികളാണ് ഉപയോഗിക്കുന്നത്. സാധാരണ ഒന്ന്, ഒന്നര ടൺ എസികൾക്കാണ് ആവശ്യക്കാർ കൂടുതൽ. മുറികൾ പെട്ടെന്ന് തണുക്കും. വൈദ്യുതി ഉപഭോഗത്തിന് അനുസരിച്ചുള്ള സ്റ്റാർ റേറ്റിങ്ങുകൾ അനുസരിച്ചാണ് വില്പന. കുറവ് വൈദ്യുതി ഉപയോഗിക്കുന്നവയ്ക്കാണ് പ്രിയം കൂടുതൽ. ഇതനുസരിച്ചു വിലയിലും വ്യതാസമുണ്ട്. ഒന്നര ടൺ ശേഷിയുള്ളതിന് 30,000ത്തിന് മുകളിലും ഒരു ടൺ ശേഷിയുള്ളതിന് 20 000 ത്തിന് മുകളിലുമാണ് വില ആരംഭിക്കുന്നത്. 

വിവിധ കമ്പനി ഉല്പന്നങ്ങൾക്കും പല മോഡലുകൾക്കും റേറ്റിങ്‌ അനുസരിച്ച് വിലയിൽ മാറ്റങ്ങളുണ്ട്. ഇക്കുറിയും വിപണിയിൽ പരമാവധി കച്ചവടം പിടിക്കാൻ വ്യാപാരികൾ ആവശ്യത്തിന് വായ്പാ സൗകര്യവും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന മാസങ്ങളിൽ വേനൽ ചൂട് വർധിക്കുമെന്നാണ് സൂചന. അതനുസരിച്ച് എസി വിപണിയിൽ ഉണ്ടാകുന്ന നേട്ടം സ്വന്തമാക്കാനാണ് വ്യാപാരികളുടെ ശ്രദ്ധ. ഇഎംഐ സൗകര്യവും ഉപഭോക്താക്കൾക്ക് സൗകര്യമാണ്. ഇപ്പോൾ വൈ ഫൈ മോഡലുകൾക്കാണ് പ്രിയം. എവിടെ ഇരുന്നും എസി ഓണാക്കാൻ കഴിയുമെന്നതിനാൽ ഇത്തരം മോഡലുകളാണ് വില്പനയിൽ മുന്നിൽ. അതോടൊപ്പം സ്മാർട്ട് ഫാനുകൾക്കും കൂളറുകൾക്കും ആവശ്യക്കാരുണ്ട്.

Exit mobile version