ഉത്തരാഖണ്ഡിലെ ചമോലിയിൽ ഉദ്യോഗസ്ഥരേയും തൊഴിലാളികളേയും കൊണ്ടുപോകുന്ന ലോക്കോ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 60ഓളം പേർക്ക് പരിക്കേറ്റു. പിപൽകൊട്ടി തുരങ്കത്തിനുള്ളിൽ വെച്ചായിരുന്നു അപകടം. 109 പേരാണ് ട്രെയിനിലുണ്ടായിരുന്നത്.
പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും എല്ലാവരെയും രക്ഷപ്പെടുത്തിയതായും ചമോലി ജില്ലാ മജിസ്ട്രേറ്റ് ഗൌരവ് കുമാർ അറിയിച്ചു. പരിക്കേറ്റ തൊഴിലാളികളെ ഗോപേശ്വർ, പിപൽകോടി എന്നിവടങ്ങളിലെ ജില്ലാ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ടിഎച്ച്ഡിസി നിർമിക്കുന്ന ഹൈഡ്രോ ഇലക്ട്രിക് ടണലിലേക്ക് തൊഴിലാളികളേയും വസ്തുക്കളും വഹിച്ചു കൊണ്ടു പോകുന്ന ട്രെയിനുകളാണ് കൂട്ടിയിടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഗുഡ്‌സ് ട്രെയിനിന്റെ ബ്രേക്ക് സിസ്‌റ്റത്തിലെ തകരാറാണ് കൂട്ടിയിടിക്ക് കാരണം. പരിക്കേറ്റ തൊഴിലാളികളിൽ ഭൂരിഭാഗവും ബിഹാർ, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് പൊലീസ് സൂപ്രണ്ട് സുർജിത് സിങ് പൻവാർ പറഞ്ഞു.
ചമോലി ജില്ലയിലെ ഹെലാങ്ങിനും പിപ്പൽകോട്ടിക്കും ഇടയിലുള്ള അലക്നന്ദ നദിയിലാണ് 444 മെഗാവാട്ട് ജലവൈദ്യുത പദ്ധതി നിർമിക്കുന്നത്. നാല് ടർബൈനുകളിലൂടെ 111 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുവാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. അടുത്ത വർഷത്തോടെ ഇത് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

