കാറും സ്ക്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ച സംഭവത്തില്‍ തിരുവല്ല സ്വദേശി ഗിരീഷ് കുമാർ (54) അറസ്റ്റിൽ. പ്രതി ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പോലീസ് വ്യക്തമാക്കി. പാപ്പാല എം എസ് കോട്ടേജിൽ ബാലുഷിന്റെ ഭാര്യ അജില ( 32 ) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മകൻ ആര്യൻ (അഞ്ച്) ഗുരുതര പരിക്കുകളോടെ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അലക്ഷ്യമായും അമിത വേഗത്തിലും വാഹനം ഓടിച്ചതിനാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഗിരീഷ് എയർപോർട്ടിൽ പോയി മടങ്ങുന്ന വഴിയാണ് അപകടം നടന്നത്. റോഡിൽ തെറിച്ചു വീണ അജില അപകട സ്ഥലത്ത് തന്നെ മരിച്ചു. തെറിച്ച് റോഡിലേക്കു വീണ അജിലയുടെ ദേഹത്തുകൂടി കാർ കയറിയെന്നാണ് സൂചന.
ഇന്നലെ വൈകിട്ട് നാല് മണിയോടെ സംസ്ഥാന പാതയിൽ പൊരുന്തമണിലായിരുന്നു അപകടം. അജില കിളിമാനൂർ നിന്നും വാമനപുരത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴി എതിർ ദിശയിൽ നിന്നും നിയന്ത്രണം വിട്ട് വന്ന കാർ ഇടിക്കുകയായിരുന്നു. അജിലയുടെ വാഹനത്തെ കൂടാതെ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ കൂടി അപകടം ഉണ്ടാക്കിയ കാർ ഇടിക്കുകയും ചെയ്തു.
English Summary: accident death; man arrested from Thiruvalla
You may also like this video

