Site icon Janayugom Online

മോഡലുകളുടെ അപകട മരണം: ഹോട്ടലുടമ ഒളിവില്‍ തന്നെ

മുൻ മിസ് കേരള അടക്കം മൂന്ന് പേർ മരിച്ച വാഹന അപകടത്തിന് പിന്നാലെ ഈ വാഹനത്തിനെ പിന്തുടർന്ന ഓഡി കാർ ഡ്രൈവർ ഡി ജെ പാര്‍ട്ടി നടന്ന നമ്പർ 18 ഹോട്ടൽ ഉടമയെ വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കാർ ഡ്രൈവർ ഷൈജുവിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് ഹോട്ടലുടമ റോയിയെ വിളിച്ചിരുന്നതായി കണ്ടെത്തിയത്. റോയി ഇപ്പോൾ ഒളിവിലാണ്. അതിനിടെ അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഡ്രൈവർ അബ്ദുൾ റഹ്മാനെ പൊലീസ് ചോദ്യം ചെയ്തു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുൾ റഹ്മാനെ മൂന്ന് മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുവാൻ കോടതി അനുവദിച്ചിരുന്നു. 

മൂന്ന് ദിവസത്തേയ്ക്കാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നതെങ്കിലും ആരോഗ്യനില കണക്കിലെടുത്താണ് മൂന്ന് മണിക്കൂർ ചോദ്യം ചെയ്യുവാൻ കോടതി അനുവദിച്ചത്. മുന്നിലുണ്ടായിരുന്ന ബൈക്കിനെ ഇടിക്കാതിരിക്കുവാൻ പെട്ടെന്ന് വെട്ടിച്ചുമാറ്റിയതാണ് അപകടത്തിന് കാരണമെന്ന് അബദുറഹ്‌മാൻ പൊലീസിനോട് പറഞ്ഞു. ഡിജെ പാർട്ടി കഴിഞ്ഞ് ഹോട്ടലിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ഓഡി കാർ പിന്തുടരുന്നുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് വേഗത്തിൽ വാഹനം ഓടിച്ചതെന്നും അബ്ദുറഹ്‌മാൻ പറഞ്ഞു. അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. 

ഹോട്ടലിൽ നിന്ന് ഇറങ്ങിയത് മുതൽ അപകടത്തിൽപ്പെട്ട വാഹനവുമായി മത്സര ഓട്ടത്തിലായിരുന്നുവെന്ന് ഓഡി കാറിന്റെ ഡ്രൈവർ ഷൈജു പൊലീസിന് മൊഴി നൽകിയിരുന്നു. വാഹനത്തിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നുവെന്നും വാഹനം ഓടിക്കുന്നതിൽ നിന്ന് വിലക്കുന്നതിന് വേണ്ടിയാണ് പിന്തുടർന്നതെന്നുമായിരുന്നു ഇയാൾ ആദ്യം പൊലീസിന് മൊഴി നൽകിയത്. കൂടുതൽ ചോദ്യം ചെയ്യലിലാണ് മത്സര ഓട്ടത്തെക്കുറിച്ച് ഷൈജു പൊലീസിന് മൊഴി നൽകിയത്.

ENGLISH SUMMARY:Accidental death of mod­els: Hote­lier absconding
You may also like this video

Exit mobile version