Site iconSite icon Janayugom Online

ബ്രഹ്മോസ് അബദ്ധത്തില്‍ വിക്ഷേപിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി

ബ്രഹ്മോസ് മിസൈല്‍ അബദ്ധത്തില്‍ പാകിസ്ഥാനിലേക്ക് വിക്ഷേപിച്ച സംഭവത്തില്‍ ബ്രഹ്മോസ് യൂണിറ്റിലെ കമാന്‍ഡിങ് ഓഫീസര്‍ (സിഒ)ക്ക് എതിരെ കര്‍ശന നടപടിയെടുത്തേക്കും.

മാര്‍ച്ച് ഒമ്പതിനാണ് പതിവ് പരിശോധനയ്ക്കിടെ മിസൈല്‍ അബന്ധത്തില്‍ വിക്ഷേപിച്ച് പാകിസ്ഥാനില്‍ പതിച്ചത്. സിഒയെ കൂടാതെ സംഭവവുമായി ബന്ധപ്പെട്ട ഒന്നിലധികം ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചേക്കും. പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വഷണത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

റഷ്യ സഹകരണത്തോടെയാണ് ഇന്ത്യയുടെ ആയുധശാലയില്‍ ബ്രഹ്മോസ് മിസൈല്‍ വികസിപ്പിച്ചെടുത്തത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കരയിലെയോ കടലിലെയോ ലക്ഷ്യത്തിലേക്ക് വിക്ഷേപിക്കാന്‍ കഴിയുന്ന ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്.

അബദ്ധത്തിലുണ്ടായ വിക്ഷേപണം ബ്രഹ്മോസ് മിസൈലിന്റെ വില്പനസാധ്യതകളെ ബാധിച്ചേക്കും, ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ ഇന്ത്യയും ഫിലിപ്പൈന്‍സും തമ്മില്‍ 2774 കോടി രൂപയുടെ കരാറിന് ധാരണയായിരുന്നു.

വിയറ്റ്നാം, ചിലി, ഖത്തര്‍, സൗദി അറേബിയ, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങി നിരവധി രാജ്യങ്ങള്‍ ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ആത്മനിര്‍ഭര്‍ ഭാരതില്‍ ഉള്‍പ്പെടുത്തി മിസൈല്‍ വില്പന നടപ്പാക്കാനിരിക്കെയാണ് അബദ്ധത്തില്‍ മിസൈല്‍ പാകിസ്ഥാനിലേക്ക് വിക്ഷേപിച്ചത്.

Eng­lish summary;Accidental launch of Brah­mos; Strict action against the culprits

You may also like this video;

Exit mobile version