Site iconSite icon Janayugom Online

മോഡിയുടെ നോട്ടുനിരോധനം പാഴ്‌വേലയായെന്ന് ആര്‍ബിഐ കണക്കുകള്‍

നരേന്ദ്ര മോഡിയുടെ നോട്ടുനിരോധനത്തിന് സമ്പദ്ഘടനയില്‍ ഒരു ഗുണവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ. 2016 നവംബർ എട്ടിനാണ് കേന്ദ്രസർക്കാർ രാജ്യത്ത് പ്രചാരത്തിലിരുന്ന 500, 1000 നോട്ടുകൾ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. നോട്ടുനിരോധനം അഞ്ചു വർഷം പൂര്‍ത്തിയാകുമ്പോഴും കറന്‍സി ഉപയോഗിച്ചുള്ള ക്രയവിക്രയത്തിനാണ് രാജ്യത്ത് മേല്‍ക്കൈയെന്ന് ആർബിഐ കണക്കുകള്‍ പറയുന്നു. 

ആര്‍ബിഐ കണക്കുപ്രകാരം 2021 ഒക്ടോബര്‍ എട്ടിന് 28.30 ലക്ഷം കോടി കറന്‍സിയാണ് ജനങ്ങളുടെ കൈവശമുള്ളത്. നോട്ട് നിരോധനത്തിന് തൊട്ടുമുമ്പ് 2016 നവംബർ നാലിന് ഇത് 17.97 ലക്ഷം കോടിയായിരുന്നു. അഞ്ചുവര്‍ഷംകൊണ്ട് 57.48 ശതമാനം വർധന ഉണ്ടായി. നോട്ട് നിരോധനത്തിന് ശേഷം 2016 നവംബര്‍ 25 ന് ജനങ്ങളുടെ കൈവശമുള്ള പണം 9.11 ലക്ഷം കോടിയായി ചുരുങ്ങിയിരുന്നു. ഇതിനെ അപേക്ഷിച്ച് 211 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.

അഴിമതി, കള്ളപ്പണം, കള്ളനോട്ട്, തീവ്രവാദപ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഫണ്ട് സമാഹരണം എന്നിവ ഇല്ലാതാക്കാന്‍ കഴിയുമെന്ന അവകാശവാദത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചത്. രാജ്യത്തെ മൊത്തം കറൻസിയുടെ 86 ശതമാനം അസാധുവാക്കപ്പെട്ടു. മൂന്നുലക്ഷം കോടി രൂപ മൂല്യമുള്ള കറൻസി കള്ളപ്പണമോ കള്ളനോട്ടോ ആണെന്നും ഇവ ബാങ്കുകളിലേക്ക് തിരിച്ചുവരാൻ സാധ്യതയില്ലെന്നും ധനമന്ത്രാലയം അവകാശപ്പെട്ടിരുന്നു. എന്നാൽ അസാധുവാക്കപ്പെട്ട 15.41 ലക്ഷം കോടി രൂപയിൽ 99.3 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തി. 

അതേസമയം സാധാരണ ജനങ്ങള്‍ക്ക് നോട്ട് നിരോധനം വലിയ ദുരിതങ്ങള്‍ സൃഷ്ടിച്ചു. നോട്ടുകള്‍ മാറിയെടുക്കാനുള്ള വരിനിന്ന് മരിച്ചുവീണവരും പണം ലഭ്യമാകാതെ ജീവനൊടുക്കിയവരും രാജ്യത്ത് നിരവധിയാണ്. സമ്പദ്ഘടനയിലും തീരുമാനം വന്‍ പ്രത്യാഘാതങ്ങള്‍ ഏല്പിച്ചു. നോട്ടുനിരോധനത്തിന് ശേഷമുള്ള ആദ്യവർഷങ്ങളിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ വർധിച്ചിരുന്നെങ്കിലും പിന്നീട് കുത്തനെ താഴേക്ക് പോയി. കോവിഡ് ലോക്ഡൗണുകളുടെ പശ്ചാത്തലത്തിൽ കറന്‍സി ഉപയോഗം വീണ്ടും ഉയര്‍ന്നു. ചെറുകിട വ്യാപാരികളില്‍ ഭൂരിഭാഗവും ഇപ്പോഴും കറന്‍സി ഇടപാടുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. രാജ്യത്തെ 15 കോടി ജനങ്ങള്‍ക്ക് ഇനിയും ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലെന്നും ആര്‍ബിഐ പറയുന്നു.
eng­lish sum­ma­ry; Accord­ing to the Reserve Bank of India, Naren­dra Mod­i’s ban on ban­knotes has not done any good to the economy
you may also like this video;

Exit mobile version