Site iconSite icon Janayugom Online

കുറ്റാരോപിതയായ ധനമന്ത്രിയും സംരക്ഷകനായ പ്രധാനമന്ത്രിയും

ബംഗളൂരുവിലെ പ്രത്യേക കോടതിയുത്തരവനുസരിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ, ഭാരതീയ ജനതാ പാർട്ടി പ്രസിഡന്റ് ജെ പി നഡ്ഡ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ (ഇഡി) ഒരുദ്യോഗസ്ഥന്‍, കർണാടകയിലെ ബിജെപി നേതാക്കൾ എന്നിവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 384 (അപഹരണം), 120ബി (ക്രിമിനൽ ഗൂഢാലോചന), 34 (ഒരേലക്ഷ്യത്തോടെ ഒന്നിലധികം വ്യക്തികളുടെ ഇടപെടല്‍) എന്നിങ്ങനെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.

ഇഡിയെ ഉപകരണമാക്കി വിവിധ കമ്പനികളിൽ നിന്ന് 8,000 കോടി രൂപ പ്രതികൾ തട്ടിയെടുത്തുവെന്ന് ആരോപിച്ച് ജനാധികാര സംഘർഷ പരിഷത്ത് (ജെഎസ്‌പി) ഉപാധ്യക്ഷന്‍ ആദർശ് ആർ അയ്യർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ അഭൂതപൂർവമായ നിയമനടപടി. സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചതിനാല്‍ ഒഴിവാക്കപ്പെട്ട ഇലക്ടറൽ ബോണ്ട് പദ്ധതി വഴി ബിജെപിക്ക് സംഭാവന സ്വീകരിച്ചതിലാണ് കേന്ദ്രമന്ത്രിയുള്‍പ്പെടെ പ്രതികളായിരിക്കുന്നത്. ആദർശ് അയ്യരുടെ പരാതി ബംഗളൂരു മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചതിനെത്തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഈ സാഹചര്യത്തില്‍ നിര്‍മ്മലാ സീതാരാമന്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
കേസിന്റെ തുടർനടപടികൾ കർണാടക ഹൈക്കോടതി തല്‍ക്കാലം സ്റ്റേ ചെയ്തിട്ടുണ്ട്. എന്നാല്‍ ഒക്ടോബർ 22ന് വീണ്ടും വാദം കേൾക്കും. കേസിലെ കൂട്ടുപ്രതികള്‍ക്കെതിരെയും തല്‍ക്കാലം അന്വേഷണമില്ല. പ്രതിഭാഗത്തിന്റെ നിലപാട് രേഖപ്പെടുത്തുന്നതുവരെ പ്രഥമദൃഷ്ട്യാ അന്വേഷണത്തിന് അനുമതി നൽകുന്നത് നിയമത്തിന്റെ ദുരുപയോഗമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണത്തില്‍ സ്റ്റേ പുറപ്പെടുവിക്കുന്നതെന്ന് കോടതി പറഞ്ഞു. ബിജെപി നേതാക്കളായ നളിന്‍ കുമാര്‍ കട്ടീല്‍, ബി വൈ വിജയേന്ദ്ര എന്നിവരും പ്രതികളാണ്. 

ധനാപഹരണവും ക്രിമിനൽ ഗൂഢാലോചനയും ആരോപിച്ച് എഫ്ഐആർ നേരിടുന്ന ഒരു ധനമന്ത്രി സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ്. നിര്‍മ്മല, നഡ്ഡ തുടങ്ങിയവരുടെ പേരുകള്‍ കേസില്‍ ഉള്‍പ്പെട്ടതും അവർ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന കുറ്റവും രാജ്യത്തിന്റെ മനഃസാക്ഷിയെ പിടിച്ചുകുലുക്കുന്നത്ര ഗുരുതരവുമാണ്. സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് സ്വന്തം പാര്‍ട്ടിക്ക് വേണ്ടി ധനമന്ത്രി പണം തട്ടിയെടുത്തുവെന്നത് ജനാധിപത്യ വ്യവസ്ഥിതിയില്‍ ഗൗരവതരമാണ്.

ബിജെപിക്ക് വേണ്ടി ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ കമ്പനികളെ നിർബന്ധിക്കുന്നതിനായി ഇഡിയെ അഴിച്ചുവിട്ടതിനെക്കുറിച്ചുള്ള ചോദ്യം സുപ്രീം കോടതിയിലും എത്തിയതാണ്. 2024 ഫെബ്രുവരിയില്‍ ഈ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പരമോന്നത കോടതി വിലയിരുത്തുകയും ചെയ്തു. ദാതാക്കളുടെ ഐഡന്റിറ്റിയും പദ്ധതിയില്‍ അവർ സംഭാവന ചെയ്ത തുകയും വെളിപ്പെടുത്തുന്നത് വ്യക്തികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് മോഡി ഭരണകൂടം വാദിച്ചപ്പോൾ, കോടതി നിശിതമായ നിരീക്ഷണമാണ് നടത്തിയത്. ‘സംഭാവനകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് ഒരുപരിധിവരെ വ്യക്തിസ്വാതന്ത്ര്യത്തെ ബാധിച്ചേക്കാം. പക്ഷേ രാഷ്ട്രീയ പാർട്ടികള്‍ക്ക് സംഭാവന നൽകാത്തവരെ അതിനായി നിർബന്ധിക്കാൻ അധികാരത്തിലുള്ള പാര്‍ട്ടികള്‍ക്ക് കഴിയും’ എന്നായിരുന്നു കോടതി പറഞ്ഞത്.

അതിലും പ്രധാനമായ ഒരു നിരീക്ഷണവും കോടതി നടത്തിയിരുന്നു. ‘നിലവിലെ പദ്ധതി പ്രകാരം, സംഭാവന നൽകാൻ വ്യക്തികളെ നിർബന്ധിക്കാൻ രാഷ്ട്രീയ പാർട്ടികള്‍ക്ക് ഇപ്പോഴും അവസരങ്ങള്‍ തുറന്നിരിക്കുന്നു. ഇലക്ടറൽ ബോണ്ട് സംഭാവന ചെയ്യുന്നയാളുടെ രഹസ്യസ്വഭാവം സംരക്ഷിക്കേണ്ടത് രഹസ്യ ബാലറ്റ് സമ്പ്രദായത്തിന് സമാനമാണെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ തെ രഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും (തെരഞ്ഞെടുപ്പ് ഫലങ്ങളില്‍) സർക്കാർ തീരുമാനങ്ങളിലും പണത്തിന്റെ സ്വാധീനം ഉണ്ടാകാമെന്നതിനാല്‍ ഒരു രാഷ്ട്രീയ പാർട്ടിക്കുള്ള സാമ്പത്തിക സംഭാവനകളുടെ ഉറവിടം അറിയാനുള്ള അവകാശവും വോട്ടറുടെ വിവരാവകാശത്തിൽ ഉൾപ്പെടുന്നു’. 

കോടതിയുടെ നിരീക്ഷണങ്ങൾ യാഥാർത്ഥ്യമാണെന്ന് ഇപ്പാേള്‍ വെളിപ്പെടുകയാണ്. ഇലക്ടറൽ ബോണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയുടെയും കൊള്ളയുടെയും വ്യാപ്തിയെക്കുറിച്ച്, ‘ലോകത്തിലെ ഏറ്റവും വലിയ കുംഭകോണം’ എന്നും ‘മോഡി ഗേറ്റ്’ എന്നുമാണ് സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകർ വിശേഷിപ്പിച്ചത്. ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ പ്രസിദ്ധമായ ‘ക്രോണിക്കിൾ ഓഫ് എ ഡെത്ത് ഫോർറ്റോൾഡ്’ എന്ന കൃതിയുടെ തലക്കെട്ട് സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളുടെയും നിര്‍മ്മലയ്ക്കെതിരായ എഫ്ഐആറിലെ ആരോപണങ്ങളുടെയും വെളിച്ചത്തിൽ ‘ക്രോണിക്കിൾ ഓഫ് എ സ്കാം ഫോർറ്റോൾഡ്’ എന്ന് മാറ്റി ഉപയോഗിക്കാമെന്ന് തോന്നുന്നു.

താൻ അഴിമതിക്കാരനാകുകയോ മറ്റാരെയും അഴിമതിക്കാരാകാൻ അനുവദിക്കുകയോ ചെയ്യില്ലെന്ന് വീമ്പിളക്കിക്കൊണ്ട് പ്രധാനമന്ത്രി, “നാ ഖുംഗ നാ ഖാനേ ദുംഗ” എന്ന് പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രിക്കെതിരായ എഫ്ഐആറിലെ ആരോപണങ്ങൾ മോഡിയുടെ അവകാശവാദങ്ങളുടെ പൊള്ളത്തരം പകല്‍പോലെ വെളിപ്പെടുത്തുന്നുണ്ട്. അഴിമതിക്കെതിരെ വാചാലനാകുകയും ഇഡി റെയ്ഡുകളിലൂടെയും അറസ്റ്റുകളിലൂടെയും പ്രതിപക്ഷ പാർട്ടികളെ അന്യായമായി ലക്ഷ്യമിടുകയും ചെയ്യുന്ന മോഡി, സര്‍ക്കാര്‍ ഏജൻസികളെ ഉപയോഗിച്ച് കൊള്ളയടിക്കൽ കുറ്റകൃത്യത്തിന് എഫ്ഐആർ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്വന്തം ധനമന്ത്രിയോടൊപ്പം കയ്യോടെ പിടിക്കപ്പെട്ടിരിക്കുകയാണ്. ധനമന്ത്രിയോട് രാജിവയ്ക്കാൻ ആവശ്യപ്പെടുകയാണ് മോഡി ചെയ്യേണ്ടത്. “ആപ് ക്രോണോളജി സമാജിയേ (കാലഗണന മനസിലാക്കുക)” എന്നുപറഞ്ഞ അമിത് ഷായെ ഓർക്കുന്നത് നന്നായിരിക്കും.
(ദി വയര്‍) 

Exit mobile version