Site iconSite icon Janayugom Online

കവിത കൊലക്കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം; അഞ്ച് ലക്ഷം രൂപ പിഴ, അടച്ചില്ലെങ്കില്‍ സ്വത്തില്‍നിന്ന് ഈടാക്കണമെന്ന് കോടതി

നടുറോഡിൽ പെൺകുട്ടിയെ കുത്തിയശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന കേസിൽ പ്രതിയായ കുമ്പനാട് കടപ്ര കരാലിൽ അജിൻ റെജി മാത്യുവിന് (24) ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി(ഒന്ന്) ജഡ്ജി ജി പി ജയകൃഷ്ണൻ ആണ് ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട കോഴഞ്ചേരി അയിരൂർ പുത്തേഴം കണ്ണങ്കരയത്ത് ചരുവിൽ കിഴക്കേമുറിയിൽ കവിതയുടെ(19) മാതാപിതാക്കൾക്ക് പിഴത്തുക നൽകണം. ഇല്ലാത്തപക്ഷം അജിൻ്റെ സ്വത്തിൽ നിന്ന് ഈടാക്കണമെന്നും വിധിയിൽ പറയുന്നു. കേസിൽ തടഞ്ഞുവെക്കൽ, കൊലപാതകം എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തി. തടഞ്ഞുവെക്കൽ കുറ്റത്തിന് ഒരു മാസത്തെ തടവും പ്രതി അനുഭവിക്കണം.

2019 മാർച്ച് 12ന് രാവിലെ 9.10ന് തിരുവല്ല റെയിൽവേ സ്റ്റേഷൻ റോഡിൽ ചിലങ്ക ജങ്ഷന് സമീപമായിരുന്നു സംഭവം. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് അജിൻ റെജി മാത്യു കവിതയെ ആക്രമിച്ചത്. ഹയർ സെക്കൻഡറി ക്ലാസുകളിൽ ഒരുമിച്ച് പഠിച്ചവരായിരുന്നു കവിതയും പ്രതിയും. സംഭവദിവസം രാവിലെ ക്ലാസിലേക്ക് വരുന്നതിനിടെയാണ് പ്രതി പെട്രോൾ പമ്പിൽ നിന്ന് മൂന്ന് കുപ്പികളിലായി വാങ്ങിയ പെട്രോളും കത്തിയും ഉപയോഗിച്ച് ആക്രമണം നടത്തിയത്. കവിതയെ കത്തികൊണ്ട് കുത്തിയ ശേഷം പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ കവിത എട്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചു. തിരുവല്ല സിഐ ആയിരുന്ന പി ആർ സന്തോഷ് 89-ാം ദിവസം കുറ്റപത്രം സമർപ്പിച്ച അന്വേഷണത്തെ, മികച്ച രീതിയിലുള്ള കുറ്റാന്വേഷണത്തിന് കോടതി പ്രത്യേകം അഭിനന്ദിച്ചു. കേസിൽ 43 സാക്ഷികളെ വിസ്തരിക്കുകയും 94 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. വിധിയിൽ തൃപ്തരാണെന്ന് കവിതയുടെ അമ്മ ഉഷയും അച്ഛൻ വിജയകുമാറും അറിയിച്ചു. 

Exit mobile version