Site iconSite icon Janayugom Online

തിരുപ്പൂരില്‍ എസ്ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

തിരുപ്പൂരില്‍ എസ്ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മണികണ്ഠനാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒരു പൊലീസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസിലെ മറ്റ് രണ്ട് പ്രതികള്‍ കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങിയിരുന്നു.

സ്‌പെഷ്യല്‍ എസ്ഐ ഷണ്‍മുഖ സുന്ദരമാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. അച്ഛനും മക്കളും തമ്മിലുളള തര്‍ക്കം തീര്‍ക്കാനെത്തിയ എസ്ഐയെ അറസ്റ്റ് തടയുന്നതിനായി മകന്‍ ആക്രമിക്കുകയായിരുന്നു. ഇന്നലെയാണ് അണ്ണാഡിഎംകെ എംഎല്‍എയായ സി മഹേന്ദ്രന്റെ ഫാം ഹൗസില്‍ ജീവനക്കാരനും മക്കളും തമ്മില്‍ തര്‍ക്കമുണ്ടായത്. മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അയല്‍ക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. 

മൂര്‍ത്തിയും മക്കളായ മണികണ്ഠനും തങ്കപാണ്ടിയുമാണ് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയത്. സംഭവം അന്വേഷിക്കാനായി ഷണ്‍മുഖ സുന്ദരമുള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു. അറസ്റ്റ് ചെയ്യുമെന്ന ഘട്ടമായപ്പോഴാണ് മണികണ്ഠന്‍ സമീപത്തുണ്ടായിരുന്ന അരിവാളെടുത്ത് ഷണ്‍മുഖ സുന്ദരത്തെ വെട്ടിയത്. കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ ഉടന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തിയാണ് ബാക്കിയുളളവരെ അറസ്റ്റ് ചെയ്തത്. മണികണ്ഠനും സഹോദരനും ഓടിരക്ഷപ്പെട്ടിരുന്നു.ഇവര്‍ക്കായി തിരച്ചില്‍ നടക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇന്ന് രാവിലെയോടെ ഏറ്റുമുട്ടലില്‍ മണികണ്ഠൻ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത വന്നു. 

Exit mobile version