Site iconSite icon Janayugom Online

‘സംസ്കാരത്തിന് യോജിക്കാത്ത വസ്ത്രങ്ങൾ’ ധരിച്ചെന്ന് ആരോപണം; സൗന്ദര്യമത്സര റിഹേഴ്സലിനിടെ മോഡലുകൾക്ക് ഭീഷണി

ഉത്തരാഖണ്ഡിലെ ഋഷികേശിൽ സൗന്ദര്യമത്സരത്തിന്റെ റിഹേഴ്സലിനിടെ മോഡലുകൾക്ക് ഭീഷണി. നീളം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചെന്ന് ആരോപിച്ച് രാഷ്ട്രീയ ഹിന്ദു ശക്തി സംഘാതൻ എന്ന സംഘടനയിലെ പ്രവർത്തകർ മോഡലുകളെ തടഞ്ഞുനിർത്തിയതായാണ് ആരോപണം. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാഘവേന്ദ്ര ഭട്‌നാഗറിന്റെ നേതൃത്വത്തിലായിരുന്നു ഈ സംഭവം.

ലയൺസ് ക്ലബ് ഋഷികേശ് സംഘടിപ്പിച്ച റാമ്പ് വാക്ക് പരിപാടിക്കിടെയാണ് പ്രതിഷേധക്കാർ എത്തിയത്. പാശ്ചാത്യ വസ്ത്രങ്ങൾ ധരിച്ച മത്സരാർഥികളെ ഇവർ തടയുകയും രൂക്ഷമായ വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഋഷികേശിന്റെ സംസ്കാരം നശിപ്പിക്കരുതെന്നും ഇത് നമ്മുടെ സംസ്കാരമല്ലെന്നും ഭട്‌നാഗർ വീഡിയോയിൽ പറയുന്നത് കാണാം. ഇതിന് മറുപടിയായി, എല്ലാ കടകളിലും ഇത്തരം വസ്ത്രങ്ങളുടെ വിൽപ്പന നിർത്താൻ ഒരു മത്സരാർത്ഥി വെല്ലുവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും, ഇരുവിഭാഗവും വിഷയം പറഞ്ഞുതീർത്തതായും പൊലീസ് അറിയിച്ചു. 

Exit mobile version