Site iconSite icon Janayugom Online

ചായ കുടിച്ച പണം ചോദിച്ചതിന് കുത്തി കൊന്ന പ്രതിക്ക് ജീവപര്യന്തം

ചക്കുവള്ളി ഒസ്താമുക്കിൽ ചായക്കട നടത്തി വന്നിരുന്ന സുധീറി(44) നെ കുത്തി കൊന്ന കേസിൽ പ്രതിയായ കന്യാകുമാരി മാർത്താണ്ഡം സ്വദേശിയായ വർഗീസിനെ (44) ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും വിധിച്ച് കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി എൻ വിനോദ് ഉത്തരവായി.

കന്യാകുമാരിയിൽ നിന്ന് റബർ ടാപ്പിങ് ജോലി ചെയ്യാനായി ഒസ്താമുക്കിന് സമീപമുള്ള അയന്തിവയലിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രതി കൊല്ലപ്പെട്ട സുധീറിന്റെ ചായക്കടയിലെ സ്ഥിരം പറ്റുകാരനുമായിരുന്നു. ചായ കഴിച്ച വകയിൽ 200 രൂപ പ്രതി കൊടുക്കാനുണ്ടായിരുന്നു. 2017 ഡിസംബർ 27ന് വൈകിട്ട് കടയുടെ മുന്നിൽ വച്ച് സുധീർ പ്രതിയോട് പറ്റ് പണം ചോദിച്ചിരുന്നു. കേൾക്കാത്ത ഭാവത്തിൽ പോയ പ്രതിയുടെ വീട്ടിൽ ചെന്ന് പണം ചോദിച്ചതിനെ തുടർന്ന് സുധീറിനെ അവിടെ വച്ച് റബർ ടാപ്പിംഗ് കത്തി കൊണ്ട് വയറ്റിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട്ടുകാരനായ രാജൻ എന്നയാൾ സംഭവം കണ്ടിരുന്നുവെങ്കിലും അയാൾ കോടതിയിൽ പ്രതിക്ക് അനുകൂലമായി കൂറുമാറിയിരുന്നു. കുത്ത് കൊണ്ട് ‘വർഗീസ് എന്നെ കുത്തി’ എന്ന് നിലവിളിച്ചു കൊണ്ട് ഓടിയത് കണ്ട അയൽവാസിയായ സ്ത്രീയുടെ മൊഴി നിർണായക തെളിവായിരുന്നു. സംഭവം അറിഞ്ഞ് ഓടിയെത്തിയ സുധീറിന്റെ സഹോദരിയോടും അടുത്ത കടയിലെ ആളോടും ആംബുലൻസിൽ കൂടെപോയയാളോടും ‘വർഗീസ് എന്നെ കുത്തി‘യെന്ന് പറഞ്ഞതും നിർണായകമായ മരണമൊഴിയാണെന്ന് കണ്ടെത്തിയാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.

ശൂരനാട് പൊലീസ് സബ് ഇൻസ്പെക്ടർ വി സതീഷ് കുമാർ, എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസിൽ ഇൻസ്പെക്ടർ വി എസ് പ്രശാന്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി മുണ്ടയ്ക്കൽ ഹാജരായി. പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചത് എഎസ്ഐ ദീപ്തിയായിരുന്നു.

Exit mobile version