Site icon Janayugom Online

കുടുംബത്തെ തീവച്ചു കൊന്ന കേസ്: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും

ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും പിതാവ് പെട്രോള്‍ ഒഴിച്ച് തീവച്ചു കൊന്ന കേസിൽ വിശദമായ തെളിവു ശേഖരണത്തിന് പൊലീസ് ഒരുങ്ങുന്നു. പ്രതി ആലിയക്കുന്നേൽ ഹമീദിനെ (79) നാലു ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്നു കോടതിയിൽ അപേക്ഷ നൽകും.

തൊടുപുഴ ഡിവൈഎസ്‌പി എ ജി ലാലിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം. ഹമീദിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു-45), ഭാര്യ ഷീബ (40), മക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരെയാണ് ഹമീദ് കൊലപ്പെടുത്തിയത്.

ഇവർ വീടിനു പുറത്തു കടക്കാതിരിക്കാനും വിവരമറിഞ്ഞ് അയല്‍വാസികളെത്തി തീയണയ്ക്കാതിരിക്കാനും കെണിയൊരുക്കിയാണ് ഹമീദ് കൃത്യം നടത്തിയത്. ഇതോടെ നാലു പേരും വീടിനുള്ളിൽ വെന്തു മരിക്കുകയായിരുന്നു.

ഹമീദിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിനു പുറമെ കൂടുതൽ പേരിൽ നിന്നും മൊഴിയെടുക്കാനുണ്ടെന്നും പൊലീസ് പറഞ്ഞു. മകനെയും കുടുംബത്തെയും ഇല്ലായ്മ ചെയ്യുമെന്ന് ഹമീദ് പലരോടും പറഞ്ഞിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

eng­lish sum­ma­ry; Accused to be tak­en into custody

you may also like this video;

Exit mobile version