Site iconSite icon Janayugom Online

അച്ചാർ

“അച്ചാറൊന്നിട്ടേക്കണേ
മാങ്ങയരിഞ്ഞു തീർന്നപ്പോഴേക്കും
സമയം പോയി”
ആഴ്ചപ്പതിപ്പിൽ നിന്നും
തല പൊക്കുംമ്പോഴേക്കും
ഭാര്യ ബസ്റ്റോപ്പിലെത്തി
ബസിന് കൈ കാണിക്കുന്നു
പതിവ് പോലെ മറന്നിട്ട്
വൈകിട്ട് ഭള്ള് കേൾക്കണ്ട
നേരെ അടുക്കളയിലേക്ക്
ചീനച്ചട്ടി കഴുകുമ്പോൾ
ഫോൺ വിളി
അടുക്കളയിൽ ഫോണും വച്ച്
ഒറ്റക്കൈയിൽ ഒന്നും ചെയ്യരുത്
എന്ന മുന്നറിയിപ്പ്
അവഗണിച്ചേ പറ്റൂ
വിളിക്കുന്നത് പ്രിയകവി,
പ്രതീക്ഷിച്ചതുപോലെ തന്നെ
പുതിയ കവിത കേൾപ്പിക്കാനാണ്
അതു മാറ്റിവെക്കുവതെങ്ങനെ?
പുറത്ത് മഴപ്പെയ്ത്ത്
കാതിൽ കവിതപ്പെയ്ത്ത്
ചീനച്ചട്ടിയിൽ നിന്നും കൊതിപ്പിക്കും മണം!
കവിത പെയ്തുതോർന്നതും
അച്ചാറിട്ടു തീർന്നതും
ഒരേ സമയം
“എന്തെങ്കിലും മാറ്റം?”
കവിയ്ക്ക് അഹങ്കാരലേശമില്ല
“ഒന്നും മാറ്റേണ്ട
ഉപ്പും പുളിയും എരിവും പാകത്തിന്”
“ഹായ് കിട്ടി കവിതയ്ക്കു പേര്,
‘അച്ചാർ’
”ഈ കമന്റെങ്ങനെ തോന്നി?”
“തോന്നേണ്ടത് തോന്നേണ്ടപ്പോൾ
തോന്നും കവേ”
എന്റെ അച്ചാർപ്പണി കവി അറിയേണ്ട
വൈകുന്നേരം രുചി പരിശോധന
കഴിഞ്ഞ് റിസൾട്ട് അനൗൺസ്മെന്റ്
ഇത്തവണ ഭാര്യ സന്തുഷ്ടയാണ്
”ഉപ്പും പുളിയും എരിവും പാകത്തിന്
ഇതെങ്ങനെ ഒത്തെടിയേയ്?
ഫോൺ വിളിക്കാതെ ശ്രദ്ധിച്ചു ചെയ്തല്ലേ?
കീപ്പ് ഇറ്റ് അപ്പ്”
അച്ചാർ കവിത പെയ്തതും
പെയ്ത്തിനൊപ്പം പാചകം മുന്നേറിയതും
ഞാൻ പറയാനേ പോയില്ല
വെറുതെ പറഞ്ഞിട്ടെന്തിന്?

Exit mobile version