Site icon Janayugom Online

നരബലിയും മാറേണ്ട നിയമങ്ങളും

പത്തനംതിട്ടയിലെ ഇലന്തൂരില്‍ നടന്ന നരബലിയുടെ ഞെട്ടലിലാണ് കേരളം. പുരോഗമനത്തിന്റെ കൊടുമുടിയിലാണ് ജീവിക്കുന്നതെന്ന് സ്വയം വിശ്വസിക്കുന്ന നാട്ടിലാണ് സമ്പത്തും എൈശ്വവും കൈവരും എന്ന വിശ്വാസത്തില്‍ രണ്ട് സ്ത്രീകളെ ക്രൂരമായി കഴുത്തറുത്ത് കൊന്നത്. കാലങ്ങള്‍ക്കു മുന്‍പേ മണ്മറഞ്ഞു പോയ ഒരു ആഭിചാരക്രിയ ഇന്ന് ഈ 21ാം നൂറ്റാണ്ടില്‍ രണ്ടു മനുഷ്യജീവനുകള്‍ എടുത്തിരിക്കുന്നു. പക്ഷേ ഇതില്‍ അത്ഭുതപ്പെടാനുണ്ടോ ? ശാസ്ത്ര‑സാങ്കേതിക വളര്‍ച്ചയോടൊത്ത വേഗതയില്‍ തന്നെ അന്ധവിശ്വാസങ്ങളും വളരുന്ന നാടാണ് കേരളം. ശംഖുകള്‍ വാങ്ങി വീട്ടില്‍ സൂക്ഷിച്ചാല്‍ ഐശ്വര്യം വരുമെന്നും പൂജ ചെയ്താല്‍ സന്താനഭാഗ്യമുണ്ടാകുമെന്നുമൊക്കെയുള്ള പലതരം അന്ധവിശ്വാസങ്ങളില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഇന്നും നമ്മുടെ ചുറ്റുമുണ്ട്. അപ്പോള്‍പിന്നെ രണ്ടു പേര്‍ നരബലി നടത്തിയതില്‍ അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു ? . അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നമ്മുടെ മനസ്സില്‍ ഉറയ്ക്കാന്‍ മതവിശ്വാസങ്ങളും മുത്തശ്ശികഥകള്‍ക്കും ഉള്ള പങ്ക് ചെറുതല്ല.

വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന മൃഗബലിയുടെയും നരബലിയുടെയും തുടക്കം പുരാണങ്ങളില്‍ നിന്നു തന്നെയെന്നു ചുരുക്കം. അന്ധവിശ്വാസങ്ങളും അനാചാരങ്ങലും തടയാന്‍ കരട് ബില്ലും പോലീസ് ശുപാര്‍ശകളു പലതുണ്ടെങ്കിലും മാറിമാറി വന്ന സർക്കാരുകൾ നിയമം നടപ്പിലാക്കാൻ ഒരു താൽപര്യവുമെടുത്തില്ല. 2021 ഓഗസ്റ്റിൽ നിയമസഭയിൽ കേരള അന്ധവിശ്വാസ നിർമ്മാർജന ബിൽ അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് ഒക്ടോബറില്‍ കെ. ടി. തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കാര കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശകള്‍ കൈമാറി.’ ദ കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്ടീസസ്, സോര്‍സെറി ആന്‍ഡ് ബ്ലാക് മാജിക് ബില്‍ 2021 എന്ന് പേരിട്ട ബില്ല് നിയമ വകുപ്പ് സങ്കേതിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആഭ്യന്തരവകുപ്പിന്റെ പരിഗണയാക്കായി കൈമാറി. എന്നാല്‍ പിന്നീട് തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവർക്ക് ഒരു വർഷം മുതൽ 7 വർഷംവരെ തടവും 50,000 രൂപ വരെ പിഴയുമാണ് ബില്ലിൽ പറഞ്ഞിരിക്കുന്ന ശിക്ഷ. 8 വർഷം മുൻപ് മഹാരാഷ്ട്രയിലാണ് അന്ധവിശ്വാസ നിരോധനം നിയമം ആദ്യമായി പ്രാബല്യത്തിൽ വരുന്നത്. എന്നാൽ ഇങ്ങ് കേരളത്തിൽ കാലമിത്ര കഴിഞ്ഞിട്ടും ഈ ദുരാചാരങ്ങൽക്കെതിരെ ആരും ശബ്ദിക്കുന്നില്ല. ആൾദൈവങ്ങളുടയും ആഭിചാരക്രിയകളുടെയും കൂമ്പാരമായി കേരളം മാറിയിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി നരബലി എന്ന പേരിൽ നടന്ന അറുംകൊലയ്ക്ക് നാട് സാക്ഷിയായി. നമ്മുടെ സംസ്ഥാനത്തെ നിയമങ്ങളുടെ ബലഹീനത തന്നെയാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ പെരുകുന്നതിന്റെ മൂലകാരണം. അപ്പോൾപ്പിന്നെ ഇലന്തൂർ ഒരു ടൂറിസ്റ്റ് സ്പോട്ടായി മാറുന്നതിൽ അത്ഭുതപ്പെടാൻ എന്തിരിക്കുന്നു.

Eng­lish Sum­ma­ry: Act should be brought Anti-Super­sti­tion and Black Magic
You may also like this video

Exit mobile version