എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റിയതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അജിത് കുമാറിനെതിരായ നടപടിക്ക് കാരണമെന്താണെന്ന് രാഷ്ട്രീയം അറിയുന്നവര്‍ക്ക് മനസ്സിലാവുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ വാക്കു പാലിച്ചുവെന്നും എഡിജിപിക്കെതിരെ നടപടി എടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
സിപിഐയില്‍ നിന്ന് ഒരു സമ്മര്‍ദ്ദവുമുണ്ടായിരുന്നില്ല, അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയെടുക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ആ തീരുമാനം അക്ഷരം പ്രതി നടപ്പിലാക്കിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെടി ജലീലിന്റെ സ്വര്‍ണക്കടത്ത് പരാമര്‍ശത്തില്‍ പ്രതികരിച്ച അദ്ദേഹം ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ലെന്നും, കുറ്റകൃത്യമല്ലെന്ന ധാരണ മാറ്റാന്‍ സമുദായ നേതാക്കള്‍ക്ക് ബാധ്യതയുണ്ടെന്നും പറഞ്ഞു.
അന്‍വര്‍ ഒരു അജണ്ടയുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷമുന്നണിയ്ക്കതിരെ നീങ്ങുന്ന സ്ഥിതിയാണ്. ചേലക്കരയിലും പാലക്കാടും ഉപതിരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി ഡീല്‍ ഉണ്ടെന്ന അന്‍വറിന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ശുദ്ധ അസംബന്ധമാണ് പറയുന്നതെന്നും അതില്‍ യാതൊരു വിശദീകരണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.