Site iconSite icon Janayugom Online

കൈയില്‍ വിലങ്ങുവച്ച പ്രതിയുമായി ഗംഗാസ്നാനം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി

policepolice

അറസ്റ്റ് ചെയ്ത പ്രതിയുമായി ഗംഗയില്‍ മുങ്ങിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മധ്യപ്രദേശിലെ ബുര്‍ഹന്‍പൂരില്‍ നിന്നുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്ത പ്രതിയുമായി ഗംഗയില്‍ മുങ്ങിക്കുളിച്ചത്. ഈ സമയത്ത് പ്രതിയുടെ കൈയില്‍ വിലങ്ങ് അണിയിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനാണ് മധ്യപ്രദേശില്‍ നിന്നുള്ള പൊലീസ് സംഘം ഉത്തര്‍പ്രദേശിലെത്തിയത്. സംഭവത്തില്‍ പൊലീസ് സൂപ്രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

”തട്ടിപ്പുകേസിലെ പ്രതിയെ പിടികൂടാനാണ് ലാല്‍ഭാഗില്‍ നിന്നുള്ള പൊലീസ് സംഘം ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡിലെത്തിയത്. തുടര്‍ന്ന് ഇവര്‍ വിലങ്ങണിയിച്ച പ്രതിയ്ക്കൊപ്പം പ്രയാഗ്‌‌രാജില്‍ മുങ്ങിക്കുളിച്ചതായുള്ള റിപ്പോര്‍ട്ട് ലഭിച്ചു. പൊലീസ്സംഘത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു”, ബുര്‍ഹന്‍പൂരിലെ എസ്‌പി രാഹുല്‍ കുമാര്‍ ലോധ പറഞ്ഞു.

അറസ്റ്റ് ചെയ്യപ്പെട്ടപ്രതിയുമായി നേരെ ഭോപ്പാലിലെത്തേണ്ട സംഘമാണ് ഗംഗാസ്നാനം നടത്തിയതെന്നും എസ്‌പി വിമര്‍ശിച്ചു.

Eng­lish Sum­ma­ry: Action against the police­men who bap­tised the Ganges with the accused handcuffed

You may like this video also

Exit mobile version