Site iconSite icon Janayugom Online

പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്നാരോപിച്ച് യുവതിക്കെതിരെ കേസെടുത്ത സംഭവത്തില്‍ എസ്ഐയ്ക്ക് നേരെ നടപടി

പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്നാരോപിച്ച് യുവതിക്കെതിരെ അന്യായമായി കേസെടുത്ത എസ്ഐയ്ക്ക് സ്ഥലം മാറ്റം. വിദ്യാനഗർ എസ്ഐ അനൂപിനെയാണ് സ്ഥലം മാറ്റുന്നത്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി നൽകിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്. 

കാസർകോട് ചെർക്കളയിൽ ഈ മാസം ഏഴിനായിരുന്നു സംഭവം. വാഹന ഉടമയായ പത്തൊൻപതുകാരി മേനങ്കോട് സ്വദേശിനി മാജിദക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് വ്യാജ കേസാണ് ചുമത്തിയതെന്നാണ് മാജിദ തെളിയിച്ചത്. സ്കൂട്ടർ നിർത്തിയ ശേഷം മാജിദയും സഹോദരനും സമീപത്തേക്ക് നടന്നുപോകുന്നത് ദൃശ്യത്തിലുണ്ട്. തുടർന്ന്, സഹോദരൻ മാത്രം തിരികെ വന്ന് സ്കൂട്ടറിനടുത്ത് നിൽക്കുന്ന സമയത്താണ് അതുവഴി പൊലീസ് വാഹനം എത്തിയത്. പൊലീസ് ജീപ്പ് എത്തിയപ്പോൾ സ്കൂട്ടറിൽ ഇരിക്കുന്ന വിദ്യാർഥിയാണ് ഓടിച്ചതെന്ന് കരുതി സ്കൂട്ടർ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. താനല്ല ഓടിച്ചതെന്ന് വിദ്യാർഥി പറഞ്ഞിട്ടും കേൾക്കാൻ പൊലീസ് തയാറായില്ല.

പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന പേരിലാണ് ഉടമയായ മാജിദക്കെതിരെ കേസെടുത്തത്. ഇതോടെ സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ കള്ളക്കേസാണെടുത്തതെന്ന് മാജിദ തെളിയിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.

Exit mobile version