സ്ത്രീകളേയും കുട്ടികളേയും സംബന്ധിച്ചുള്ള ഫയലുകൾ ബോധപൂർവം പൂഴ്ത്തിവച്ചാൽ നടപടിയുണ്ടാകുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്ങനെയുണ്ടായാൽ ജീവനക്കാർ കാരണം ബോധിപ്പിക്കണം. ഫയലുകൾ പെട്ടന്ന് തീർപ്പാക്കി പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്. ഫയലുകളുടെ കാര്യത്തിൽ ആദ്രതയോടെയുള്ള സമീപനം സ്വീകരിക്കണം. വനിത ശിശുവികസന ഡയറക്ടറുമായും സെക്രട്ടറിയേറ്റുമായും ബന്ധപ്പെട്ട് ഫയലുകൾ കൈകാര്യം ചെയ്യുന്നതിന് ലെയ്സൺ ഓഫീസറുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. മാർച്ച് എട്ടിനുള്ളിൽ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഫയലുകൾ തീർപ്പാക്കുന്നതിന് സെക്രട്ടറിയേറ്റിൽ സംഘടിപ്പിച്ച പ്രത്യേക യജ്ഞത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വനിത ശിശുവികസന വകുപ്പിന് കീഴിൽ വനിത കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, വനിത വികസന കോർപ്പറേഷൻ, ജെൻഡർ പാർക്ക്, ശിശുക്ഷേമ സമിതി, വിവിധ ഹോമുകൾ, നിർഭയ സെൽ തുടങ്ങി നിരവധി സ്ഥാപനങ്ങളാണുള്ളത്. ഇവിടെയെല്ലാം തീർപ്പാകാതെ കിടക്കുന്ന ഫയലുകൾ അടിയന്തരമായി തീർപ്പാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ മാസം മുതലാണ് മാർച്ച് 8ാം തീയതി ലക്ഷ്യം വച്ച് ഫയൽ തീർപ്പാക്കാനായുള്ള പരിശ്രമം തുടങ്ങിയത്. വനിത ശിശുവികസന വകുപ്പിൽ താരതമ്യേന കുറച്ച് ഫയലുകളാണ് തീർപ്പാക്കാനുള്ളത്. 2,000 ഓളം ഫയലുകളും 200 ഓളം റിപ്പോർട്ടുകളുമാണ് ഇനി തീർപ്പാക്കാനുള്ളത്. സമയബന്ധിതമായി ഓരോ ഫയലും തീർപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി. വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, വിവിധ സ്ഥാപന മേധാവികൾ തുടങ്ങിയവർ ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ പങ്കെടുത്തു.
English Summary: Action against those who deliberately hoarded files: Minister Veena George
You may like this video also