Site icon Janayugom Online

സാംക്രമികേതര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം: ലോകാരോഗ്യസംഘടന

സാംക്രമികേതര രോഗങ്ങള്‍ (എന്‍സിഡി) ബാധിച്ച് ഓരോ രണ്ട് സെക്കന്‍ഡിലും 70 പേര്‍ മരിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട്. കൂടുതല്‍ മരണങ്ങളും ദരിദ്ര്യ, ഇടത്തരം രാജ്യങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന പൊതുസഭയില്‍ അവതരിപ്പിച്ച ലോകാരോഗ്യസംഘടനയുടെ പഠനത്തില്‍ പറയുന്നു. വരുമാനം കുറഞ്ഞതും ഇടത്തര വരുമാനമുള്ളതുമായ രാജ്യങ്ങളിലാണ് ആകെ സാംക്രമികേതര വരുമാനത്തിന്റെ 86 ശതമാനവുമുള്ളത്. മുന്‍കരുതല്‍, ചികിത്സ, പരിപാലനം എന്നിവയുടെ അഭാവമാണ് ഈ രാജ്യങ്ങളിലെ മരണസംഖ്യ ഉയരാന്‍ കാരണമായി കണക്കാക്കുന്നത്. ഏതാനും രാജ്യങ്ങള്‍ മാത്രമാണ് 2030 ഓടെ സാംക്രമികേതര രോഗങ്ങള്‍ മൂന്നിലൊന്നായി കുറയ്ക്കാനുള്ള ആഗോളലക്ഷ്യത്തില്‍ സഞ്ചരിക്കുന്നത്. ഓരോ വര്‍ഷം 4.1 കോടിയാളുകളാണ് ഇത്തരത്തില്‍ രോഗബാധിതരായി മരിച്ചുകൊണ്ടിരിക്കുന്നത്. ഇത് ആഗോളതലത്തിലെ ആകെ മരണങ്ങളുടെ 74 ശതമാനം വരുമെന്നാണ് കണക്കാക്കുന്നത്. 

ഹൃദയാഘാതം, കാന്‍സര്‍, പ്രമേഹം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ സാംക്രമികേതര രോഗങ്ങള്‍ ബാധിച്ച് 70 വയസിന് മുമ്പെ മരണത്തിന് കീഴടങ്ങുന്നവരുടെ എണ്ണം ഓരോ വര്‍ഷവും 1.7 കോടിയാണെന്ന് പഠനത്തില്‍ പറയുന്നു. ഹൃദയസംബന്ധമായ അസുഖവും പക്ഷാഘാതവുമാണ് ഏറ്റവും കൂടുതല്‍ മരണത്തിന് കാരണമാകുന്ന രോഗം. എല്ലാവര്‍ഷവും ആകെ മരിക്കുന്നവരില്‍ മൂന്നിലൊന്ന് മരണത്തിനും ഇതുതന്നെയാണ് കാരണമാകുന്നത്. ഏകദേശം 1.8 കോടി വരുമിത്.

ആകെ മരണങ്ങളില്‍ ആറില്‍ ഒന്നും കാന്‍സര്‍‍ ബാധിച്ചാണ്. 13ല്‍ ഒരാള്‍ ഗുരുതരമായ ശ്വാസകോശ രോഗം ബാധിച്ചും 28 പേരില്‍ ഒരാള്‍ പ്രമേഹം ബാധിച്ചും മരിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. പുകയില ഉപയോഗം, അനാരോഗ്യ ഭക്ഷണശീലങ്ങള്‍, മദ്യം, ശാരീരിക വ്യായാമം ഇല്ലാതിരിക്കുക തുടങ്ങിയവയാണ് സാംക്രമികേതര അവസ്ഥയിലേക്ക് നയിക്കുന്ന കാരണങ്ങള്‍. പുകയിലയുടെ അമിത ഉപയോഗത്തെ തുടര്‍ന്ന് 80 ലക്ഷത്തോളം പേര്‍ പ്രതിവര്‍ഷം മരിക്കുന്നുണ്ട്. അനാരോഗ്യപരമായ ഭക്ഷണശീലത്തെ തുടര്‍ന്ന് മരിക്കുന്നവരുടെ എണ്ണവും ഏകദേശം തുല്യമാണ്. 194 രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 

Eng­lish Summary:action on non-com­mu­ni­ca­ble dis­eases: WHO

You may also like this video

Exit mobile version