ഒന്‍പതുവയസുകാരിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി. രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ജൂനിയര്‍ റസിഡന്റ് ഡോ. മുസ്തഫ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സര്‍ഫറാസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂര്‍ണമായി തള്ളി. ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നല്‍കിയെന്നായിരുന്നു ഡിഎംഒ ചുമതലപ്പെടുത്തിയ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
സെപ്റ്റംബര്‍ 25‑നും 30‑നും ഇടയില്‍ കുട്ടി ജില്ലാ ആശുപത്രിയില്‍ എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ആശുപത്രിയുടെ ഭാഗത്തു നിന്ന് വീഴ്ച്ച സംഭവിച്ചോ മറ്റ് നടപടികളുണ്ടാകുമോ എന്ന കാര്യം റിപ്പോര്‍ട്ടില്‍ പറയുന്നുമില്ല.പല്ലശന ഒഴിവുപാറ സ്വദേശിയായ വിനോദിനി എന്ന പെണ്‍കുട്ടിയുടെ വലതുകൈ ആണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ പെണ്‍കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് കൈ മുറിച്ചുമാറ്റുന്നതിലേക്ക് എത്തിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സെപ്റ്റംബര്‍ 24‑നാണ് കുട്ടിക്ക് വീണ് പരിക്കേറ്റത്.ഉടന്‍ മാതാപിതാക്കള്‍ കുട്ടിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തി കൈക്ക് പ്രാഥമിക ചികിത്സ നല്‍കി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിടുകയായിരുന്നു.അസഹനീയമായ വേദനയുണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചാണ് കൈ മുറിച്ചുമാറ്റിയത്.

