Site iconSite icon Janayugom Online

പറമ്പുകള്‍ ഇഴജന്തുക്കളുടെ താവളമായാല്‍ നടപടിയുണ്ടാകും

സ്വകാര്യപറമ്പുകള്‍ യഥാസമയം വൃത്തിയാക്കാതെ കാടുകയറുകയും ഇഴജന്തുക്കളുടെ താവളമാക്കാന്‍ അവസരമൊരുക്കുകയും ചെയ്താല്‍ ഇനി നടപടിയുണ്ടാകും. ആവശ്യപ്പെട്ടിട്ടും അതിന് ഉടമസ്ഥന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന് സ്ഥലം വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കാവുന്നതും അതിനുള്ള ചെലവും പിഴയും ഉടമസ്ഥനില്‍ നിന്ന് ഈടാക്കാവുന്നതുമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
അയല്‍പക്കത്തെ പരിപാലിക്കാതെ കാടുകയറി കിടന്ന പറമ്പില്‍ പാമ്പുകടിയേറ്റ് തൃശൂര്‍ ജില്ലയിലെ പൊയ്യ ഗ്രാമപഞ്ചായത്തില്‍ മൂന്ന് വയസുകാരി മരിച്ച സംഭവത്തില്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഉടമകളോട് പറമ്പ് വൃത്തിയാക്കാന്‍ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും നടത്താതിരുന്നത് മൂലം അവിടെ ഇഴജന്തുക്കളുടെ താവളമായിരുന്നുവെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതി.
ഇത്തരം വിഷയങ്ങളില്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നടപടി സ്വീകരിക്കാവുന്നതാണെന്ന് പഞ്ചായത്ത് രാജ് ആക്ടിലെയും മുനിസിപ്പാലിറ്റി ആക്ടിലെയും വിവിധ വകുപ്പുകളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി. ഇതുപ്രകാരം, പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി കാടുമൂടി കിടക്കുന്ന പറമ്പുകള്‍ വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരഭരണ സ്ഥാപനങ്ങള്‍ക്കും മതിയായ അധികാരമുണ്ടെന്നിരിക്കെ, ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നത് ദൗര്‍ഭാഗ്യകരവും ഒഴിവാക്കാനാകുന്നതുമാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് നിരവധി പ്രദേശങ്ങളില്‍ ഇത്തരത്തില്‍ പറമ്പുകള്‍ കാടുമൂടിക്കിടക്കുന്ന സാഹചര്യമുള്ളതിനാല്‍, അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം.

eng­lish sum­ma­ry; Action will be tak­en if yards become a breed­ing ground for reptiles
you may also like this video;

Exit mobile version