Site iconSite icon Janayugom Online

ഡബ്ല്യൂസിസി ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസിന് പിന്തുണ വര്‍ധിച്ചേനെ; ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്

ഡബ്ല്യൂസിസി എന്ന സംഘടന ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസിനെ കൂടുതല്‍ ആളുകള്‍ പിന്തുണച്ച് രംഗത്ത് എത്തുമായിരുന്നു എന്ന് നടന്‍ ഇന്ദ്രന്‍സ്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള പ്രതികരണത്തിലാണ് ഇന്ദ്രന്‍സ് സംസാരിച്ചത്.

സംഘടന രൂപപ്പെട്ടില്ലെങ്കിലും നടി ആക്രമിക്കപ്പെട്ട കേസില്‍ നിയമ പോരാട്ടം നടക്കുമായിരുന്നു. പ്രശ്നങ്ങളെ എത്രമാത്രം ഒരു സംഘടനയ്ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതില്‍ മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് നടന്‍ അഭിപ്രായപ്പെട്ടു. സിനിമ മേഖല സമൂഹത്തിന്റെ ഒരു ഭാഗമാണ്. സമൂഹത്തിലുള്ള എല്ലാം പ്രശ്‌നങ്ങളും സിനിമാ മേഖലകളിലും പ്രതിഫലിക്കാറുണ്ട്.

സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ഉയര്‍ന്നവരും പുരോഗതി കൈവരിച്ചിട്ടുള്ളവരുമാണ്. അത് മനസിലാക്കത്തവരാണ് സമത്വത്തിന് വേണ്ടി വാദിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. വ്യക്തിപരമായി ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ താന്‍ ഞെട്ടിപ്പോകുമെന്നായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചും ഇന്ദ്രന്‍സ് സംസാരിച്ചു.

അവള്‍ വളരെ നല്ല പെണ്‍കുട്ടിയാണെന്നും തനിക്ക് മകളെ പോലെയാണ്. അവള്‍ക്ക് സംഭവിച്ചത് കേട്ട് സങ്കടം തോന്നി. പക്ഷെ സത്യം അറിയാതെ എങ്ങനെയാണ് ഒരാള്‍ക്ക് മറ്റൊരാളെ വിധിക്കാന്‍ സാധിക്കുക? എന്നായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. അതേസമയം കേസുമായി ബന്ധപ്പെട്ട് ദിലീപിനോട് സംസാരിച്ചിരുന്നുവോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. അവസാനമായി ദിലീപുമായി സംസാരിച്ചത് ഹോം എന്ന ചിത്രം കണ്ടശേഷം ദിലീപ് തന്നെ വിളിച്ചപ്പോഴാണെന്നും താരം പറയുന്നു.

Eng­lish Summary;Actor Indrans does not believe that Dileep is accused
You may also like this video

Exit mobile version