ആലുവ സ്വദേശിയായ നടിയുടെ പീഡനാരോപണങ്ങൾ നിഷേധിച്ച് നടൻ ജയസൂര്യ. ഇത്തരം വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണു താനെന്നും പീഡനക്കേസിൽ കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ചോദ്യംചെയ്യൽ പൂർത്തിയായ ശേഷം അറസ്റ്റ് രേഖപ്പെടുത്താതെയാണ് ജയസൂര്യയെ വിട്ടയച്ചത്. 2018ൽ സെക്രട്ടേറിയറ്റിൽ നടന്ന സിനിമാ ചിത്രീകരണത്തിനിടെ അപമാനിച്ചുവെന്നാണ് നടി പരാതി നൽകിയത്.
അങ്ങനെയൊരു വിപുലമായ ചിത്രീകരണം സെക്രട്ടേറിയറ്റിൽ നടന്നിരുന്നില്ലെന്ന് ജയസൂര്യ പറഞ്ഞു . സെക്രട്ടേറിയറ്റിനു മുന്നിൽ ഒരു പാട്ടിന്റെ ചിത്രീകരണം രണ്ടു മണിക്കൂർ നടന്നിരുന്നു . അതിൽ ആരോപണം ഉന്നയിച്ച നടിക്ക് വലിയ റോളും ഉണ്ടായിരുന്നില്ല. പിന്നെന്തിനാണ് ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ല. നാളെ ഇതുപോലെ പലർക്കെതിരെയും വ്യാജ ആരോപണങ്ങൾ വരാം. എനിക്കു മറുപടി പറയാനുള്ള സ്പേസ് കിട്ടുന്നുണ്ട്- ജയസൂര്യ കൂട്ടിച്ചേർത്തു. സാധാരണക്കാരനാണെങ്കിൽ അയാളുടെ കുടുംബം തകരില്ലേയെന്ന് ജയസൂര്യ ചോദിച്ചു.
മുൻകൂർജാമ്യം പോലും വേണ്ടാത്തൊരു കേസാണിത്. ആരോപണം ഉന്നയിക്കുന്ന വ്യക്തികൾ ആരാണെന്നത് പൊലീസുകാർക്കും അറിയാമല്ലോയെന്നും . ജയസൂര്യ പറഞ്ഞു.