Site iconSite icon Janayugom Online

നടൻ മണിയൻപിള്ള രാജു സഞ്ചരിച്ച കാറിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് സമീപം നടൻ മണിയൻപിള്ള രാജു സഞ്ചരിച്ച കാറിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ക്ലബിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. തന്റെ വാഹനത്തിലേക്ക് ഇരുചക്രവാഹനം വന്നിടിക്കുകയായിരുന്നുവെന്നും അപകടസമയത്ത് താനാണ് വാഹനമോടിച്ചിരുന്നതെന്നും മണിയൻപിള്ള രാജു സ്ഥിരീകരിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. നിവേദിതിന്‍റെ കാലുകൾ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരിക്കുണ്ട്. ഒരാൾ കിംസ് ആശുപത്രിയിലും ഒരാൾ എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്. 

അസുഖബാധിതനായിരുന്നതിനാൽ അപകടമുണ്ടായപ്പോൾ ഭയപ്പെട്ടുപോയെന്നും അതുകൊണ്ടാണ് ഉടൻ സ്റ്റേഷനിൽ അറിയിക്കാൻ കഴിയാതിരുന്നതെന്നും താരം പ്രതികരിച്ചു. ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നും നടൻ വ്യക്തമാക്കി. സംഭവത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version