Site iconSite icon Janayugom Online

പ്രധാനമന്ത്രി പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാന്‍ സാധിക്കുന്നതെങ്ങനെയെന്ന് നടന്‍ പ്രകാശ് രാജ്

പ്രധാനമന്ത്രി സ്ഥാനംപോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാന്‍ സാധിക്കുന്നതെങ്ങനെയെന്ന് നടന്‍ പ്രകാശ് രാജ്. പാര്‍ലമെന്റ് മന്ദിരത്തില്‍പ്പോലും ക്ഷേത്രത്തിലേതുപോലെ പൂജകള്‍ നടന്ന രാജ്യത്താണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവത്തിന്റെ രണ്ടാംദിവസം കലയും ജനാധിപത്യവുംഎന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ നിശബ്ദമാക്കുന്നത് ഭാവിതലമുറയോട് ചെയ്യുന്ന തെറ്റാണ്. അതിനാല്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്. നിശ്ശബ്ദരായിരുന്നവര്‍ക്ക് ചരിത്രം മാപ്പുതരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ തന്നെ കേള്‍ക്കാനും സംവദിക്കാനും വിവരമുള്ള ഒരുകൂട്ടം സാഹിത്യകാരും സമൂഹവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ലോകത്തൊരിടത്തും വലതുപക്ഷം വിജയിച്ച ചരിത്രമില്ല. കാലഘട്ടത്തിന്റെ ആവശ്യം ഒന്നിച്ചുള്ള പ്രതിരോധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂരും പലസ്തീനും ഇപ്പോള്‍ നമ്മെ വേദനിപ്പിക്കാതായിരിക്കുന്നു.

അത് അവരുടെ പ്രശ്നം മാത്രമായി കാണാതെ, ഒരു സ്ഥലത്തെ പ്രശ്നമായിക്കാണാതെ രാജ്യത്തിന്റെ പ്രശ്നമായി കാണണം, മനുഷ്യന്റെ ദുഃഖമായി കാണണം- അദ്ദേഹം പറഞ്ഞു.ജനാധിപത്യമെന്നത് നമ്മുടെ സ്വപ്നമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നമ്മുടെ രാജ്യം പകുതി ഹിന്ദു രാഷ്ട്രമായിരിക്കുന്നു. പണ്ട് രാജ്യത്ത് നിലനിന്നിരുന്ന ജാതിവ്യസ്ഥയിലേക്കാണ് വീണ്ടും രാജ്യത്തിന്റെ പോക്ക് – അദ്ദേഹം വിമര്‍ശിച്ചു.

Eng­lish Summary:
Actor Prakash Raj said how it is pos­si­ble to remain silent in a coun­try where the Prime Min­is­ter is a priest

You may also like this video:

Exit mobile version