Site iconSite icon Janayugom Online

കെ ജി ജോര്‍ജ്ജ്; മലയാള സിനിമയുടെ മഹാആചാര്യന്‍: പ്രേംകുമാര്‍

കലാമൂല്യം ഒട്ടും ചോര്‍ന്നുപോകാതെ ഗൗരവതരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ട് അത് എങ്ങനെ ജനപ്രിയ സിനിമയാക്കിമാറ്റാം എന്ന് കാണിച്ചുതന്ന സംവിധായകനാണ് കെ ജി ജോര്‍ജ്ജെന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാനും നടനുമായ പ്രേം കുമാര്‍.

കലയുടെ സൗന്ദര്യവും വാണിജ്യമൂല്യവും ഒരുപോലെ സമന്വയിപ്പിച്ചവയായിരുന്നു അദ്ദേഹത്തിന്‍റെ സിനിമകള്‍. മുഖ്യധാരാ സിനിമകള്‍ക്കും ആര്‍ട്ട് എന്ന് വിവക്ഷിക്കപ്പെടുന്ന സിനിമകള്‍ക്കും ഇടയിലുള്ള മധ്യവര്‍ത്തി സിനിമകളാണ് അദ്ദേഹത്തിന്‍റേത്. മലയാളത്തിലെ തന്നെ ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമ- ആദാമിന്‍റെ വാരിയെല്ല്, അദ്ദേഹത്തിന്‍റെ സംഭാവനയാണ്. സ്ത്രീ മുന്നേറ്റവും സ്ത്രീ ശാക്തീകരണവുമൊക്കെ ആവര്‍ത്തിച്ചു പറയുന്ന ഇക്കാലത്ത് ഈ സിനിമ സ്ത്രീപക്ഷ സിനിമകള്‍ക്കൊക്കെ മാതൃകയാണ്. മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ഏറ്റവും പ്രതിഭാധനരായിരുന്ന സംവിധായകരില്‍ പ്രധാനിയായിരുന്നു കെ ജി ജോര്‍ജ്.

സഖാവ് പി കൃഷ്ണപിള്ളയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ’ സഖാവ് വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം’ എന്ന എന്‍റെ ആദ്യ സിനിമയുടെ ലൊക്കേഷനില്‍ സംവിധായകന്‍ പി എ ബക്കര്‍ പറഞ്ഞാണ് കെ ജി ജോര്‍ജ്ജെന്ന ചലച്ചിത്രകാരനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞത്. 1993ല്‍ ആദ്യമായി സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപിക്കുന്ന സമയത്ത് കെ ജി ജോര്‍ജായിരുന്നു ജൂറി ചെയര്‍മാന്‍. അന്ന് ലംബോ എന്ന ടെലിഫിലിമിലെ അഭിനയത്തിന് എനിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. പിന്നീട് കാണുമ്പോഴെല്ലാം അദ്ദേഹം ആ കഥാപാത്രത്തെക്കുറിച്ച് പറയുമായിരുന്നു. അത് വലിയൊരു അംഗീകാരമായിട്ടാണ് കരുതുന്നത്, പ്രേംകുമാര്‍ പറഞ്ഞു. 

അദ്ദേഹത്തിന്റെ എല്ലാ സിനിമകളും പ്രമേയത്തില്‍ അത്യന്തം വ്യത്യസ്തമാണ്. ഉള്‍ക്കടല്‍, ഇരകള്‍, പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, മറ്റൊരാള്‍, മേള, ആദാമിന്‍റെ വാരിയെല്ല്,സ്വപ്നാടനം തുടങ്ങി അദ്ദേഹത്തിന്‍റെ ഓരോ സിനിമയും പ്രമേയത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ആവിഷ്‌കാരത്തിലും വിഭിന്നമാണ്. എല്ലാത്തരത്തിലുമുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായിട്ട് സിനിമാ മേഖലയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒരുപാട് ഉയരങ്ങളില്‍ അടയാളപ്പെടുത്തേണ്ട ഒരു സംവിധായകനാണ് കെ ജി ജോര്‍ജ്ജ്.

2015ല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത ബഹുമതിയായ ജെ സി ഡാനിയേല്‍ പുരസ്കാരം അദ്ദേഹത്തിന് നല്‍കി ആദരിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ മലയാള സിനിമയില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നില്ലെന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version