Site iconSite icon Janayugom Online

മോഷ്ടാവ് കുത്തിയ സംഭവത്തിൽ നടൻ സെയ്ഫ് അലിഖാന്റെ മൊഴിയെടുത്തു; ആശുപത്രിയിലെത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും പൊരുത്തക്കേട്

മോഷ്ടാവ് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് നടൻ സെയ്ഫ് അലിഖാന്റെ മൊഴിയെടുത്തു. സംഭവം നടക്കുമ്പോൾ 11ാം നിലയിലെ കിടപ്പുമുറിയിൽ കരീനക്കൊപ്പമായിരുന്നുവെന്ന് നടൻ മൊഴി നൽകി . പുലർച്ചെ രണ്ടരയോടെയാണ് അക്രമിയെത്തിയത്. ഇളയമകൻ ജെയുടെ മുറിയിലേക്കാണ് ഇയാൾ എത്തിയത്. ആയ ഏലിയാമ്മ ഫിലിപ്സിന്റെ കരച്ചിൽ കേട്ടാണ് താൻ മുറിയിലേക്ക് എത്തിയതെന്നും സെയ്ഫ് അലി ഖാൻ പറഞ്ഞു. അക്രമിയെ തടയാൻ താൻ ശ്രമിച്ചു. എന്നാൽ, അയാളുടെ കൈവശം കത്തിയുണ്ടായിരുന്നു. അയാൾ എന്നെ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. ഇതിനിടെ അക്രമിയെ റൂമിലേക്ക് തള്ളിയിട്ട് വാതിലടച്ചാണ് ഇളയ മകനെ രക്ഷിച്ചതെന്നും മൊഴിയിൽ പറയുന്നു. 

എന്നാൽ സെയ്ഫ് അലിഖാനെ ആശുപത്രിയിലെത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകളുണ്ടെന്ന് കണ്ടെത്തൽ. പതിനാറാം തീയതി പുലർച്ചെ 2.30നാണ് ആക്രമണം നടന്നത്. എന്നാൽ നടനെ എത്തിച്ചത് പുലർച്ചെ 4.10ന് എന്ന് ആശുപത്രി രേഖകളിൽ നിന്ന് വ്യക്തമാകുന്നു. ബാന്ദ്രയിലെ ഫ്ലാറ്റിൽ നിന്ന് ലീലാവതി ആശുപത്രിയിലേക്കുള്ളത് 10 ‑15 മിനിറ്റ് യാത്ര മാത്രമാണ്. കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് അഫ്സാർ സെയ്ദി എന്നാണ് രേഖകളിലുള്ളത്. എന്നാൽ മകനാണ് ഒപ്പം ഉണ്ടായിരുന്നത് എന്നാണ് നേരത്തെ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നത്. കൂടാതെ നടന് അഞ്ച് മുറിവുകളാണ് ഉണ്ടായിരുന്നതെന്ന് മെഡിക്കൽ രേഖകളിൽ പറയുന്നു. ഇത്തരം പൊരുത്തക്കേടിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട് .

Exit mobile version