താരസംഘടനയായ എഎംഎംഎ എക്സിക്യൂട്ടീവിലെ കൂട്ടരാജി എടുത്തുചാട്ടമെന്ന് നടൻ ഷമ്മി തിലകൻ. എല്ലാവരും ഒരുമിച്ച് രാജിവയ്ക്കാതെ കുറ്റാരോപിതർ മാത്രം രാജിവച്ചാൽ മതിയായിരുന്നു. നിലവിൽ എഎംഎംഎ അംഗമല്ലെങ്കിലും സ്ഥാപക അംഗമെന്ന നിലയിൽ കൂട്ടരാജി വിഷമമുണ്ടാക്കിയെന്നും ഷമ്മി തിലകൻ പറഞ്ഞു.
“നേതാവിന്റെ മൗനത്തിന്റെ ബലിയാടാണ് ഞാൻ. പ്രസിഡന്റിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടതായിരിക്കാം. അല്ലെങ്കിൽ ഇങ്ങനെ നിൽക്കേണ്ടി വരില്ലല്ലോ. ഞാൻ ശരി പക്ഷമാണെന്ന് നേരത്തെ പറഞ്ഞതാണ്. തെറ്റ് ആര് ചെയ്താലും തിരിച്ചറിഞ്ഞ് തിരുത്താനുള്ള മനസ് കാണിക്കണം. അതിന് വേണ്ടി തന്നെയാണ് താൻ ശബ്ദമുയർത്തിയത്. ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുകയല്ല വേണ്ടത്. കണ്ണാടി നോക്കി നമ്മൾ നമ്മളെ അറിയുക. അതാണ് അതിനകത്തെ കുഴപ്പം. “ഷമ്മി തിലകൻ രൂക്ഷഭാഷയിൽ പ്രതികരിച്ചു.
കൂട്ടരാജി ഉത്തരംമുട്ടലാണ്. ചിലർ കൊഞ്ഞനംകുത്തും. മൗനം വിദ്വാന് ഭൂഷണം എന്നും ഷമ്മി കൂട്ടിച്ചേര്‍ത്തു. വോട്ട് ചെയ്തവരോടുള്ള വഞ്ചനയാണ് കൂട്ടരാജി. പുതിയ തലമുറക്കാർ നേതൃത്വത്തിലേക്ക് വരുന്നത് അനിവാര്യതയാണ്. വനിതകൾ വരണമെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് ഷമ്മി തിലകൻ പ്രതികരിച്ചു. എന്നെ വിട്ടേക്കൂ, എന്നിൽ ഔഷധമൂല്യങ്ങളില്ലെന്ന മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഈ വിഷയത്തോടുള്ള പ്രതികരണത്തെ ഷമ്മി പരിഹസിച്ചു.